Monday, October 19, 2015

കുഞ്ഞ് കുറിപ്പുകൾ

--------------------------------
കുഴിച്ചിട്ടിട്ടും
തലനീട്ടുന്നു മഴകാണാനൊരു
വിത്ത് മണി.
----------------------
കാത്തിരിപ്പുണ്ട്
റാന്തലാത്തിണ്ണയിൽ,
മണി കിലുക്കം.
-------------------------
പാട്ടുപാടുന്നു
കുറുവടികൾ
ചെണ്ടാക്ക്ലാസ്സിൽ.
----------------------------
കാടുറങ്ങുന്നു
മുള്ള് വേലിക്കുള്ളിൽ
ഇലകൊഴിഞ്ഞ്.
--------------------------
കയ്യിലുണ്ടാ
ചുവന്നപൂവിന്നും
കാലം കറുപ്പിച്ചത്.
-------------------------------
മഴയ്ക്ക്‌
മുന്നേ കരിയെഴുതി
മാനം.
----------------------------------
അയയിലാടുന്നു
കാറ്റും കുരുവിയും
അച്ചനുടുപ്പും.
-----------------------------------
പറമ്പിലുറങ്ങുന്നു
തീ കാത്ത് തിരിയും,
ഉണക്കോലകളും.
-----------------------------------
പ്രാർഥനാ ഗാനം
ഇന്നുപാടിയില്ലയവളില്ല
മൌനാചരണം.
------------------------------------
ദിശയൊന്നെങ്കിലും
ഇരുവഴിയെ നമ്മുടെ
കടലാസ് തോണികൾ.
-----------------------------------
കഥ പറയുന്നു
അമ്മുമ്മക്കണ്ണുകൾ
അടഞ്ഞിരിന്നിട്ടും.
------------------------------------
നരച്ച് കിടപ്പുണ്ട്
ഊഞ്ഞാൽ പാടുകൾ
ഊന്ന് വടിയും.
------------------------------------
പയ്യിനുണ്ടോ
നീയുമാ പൂവും,
പ്രണയവും.
------------------------------------
വേലിക്കലുണ്ട്
ചെണ്ടമേളം ചെവിയോർത്ത്
അലക്കുകല്ല്.
--------------------------------------
മഴകാത്തിരിപ്പുണ്ട്,
നരച്ച കുടയുമാ
തെരുവ് പൈപ്പും.
--------------------------------------
വീണ് കിടപ്പുണ്ട്
ഇന്നലെ കൊതിച്ച
ഈയാംപാറ്റച്ചിറകുകൾ.
----------------------------------------
വെയിലേറ്റ്
പിടയുന്നു
മഴ കാത്ത കുട .
-----------------------------------------
തല്ലു കൂടുന്നു
വഴിവക്കിൽ രണ്ട്
കാലിക്കുപ്പികൾ.
---------------------------------------------
നിൻറെ
ചിരിയിലാണെന്റെ
കവിതതൻ ഭംഗി.
--------------------------------------------
പാതി വഴിയെത്തിയാ-
ജല പീരങ്കികൾ.
കൊതിമൂത്ത് മരങ്ങൾ.
-------------------------------------------
മഴ വിത്ത്
കാത്ത് കിടപ്പുണ്ട്
മണ്ണിലൊരു മരം.
------------------------------------------
മണൽക്കാട്ടിൽ
മരിച്ചു കിടപ്പുണ്ട്
പുഴപ്പാടുകൾ.
------------------------------------
ആടിയാടി പോകുന്നുണ്ട്
റോഡുവക്കിൽ,
വീട്ടിലേയ്ക്കുള്ളരി.

ഉന്നം നോക്കിയെറിയുന്നു
ചവറുകൾ രാത്രിയിൽ,
സമ്പൂർണ്ണ സാക്ഷരത.

മതിലും ചാരി
നിൽപ്പുണ്ട് പ്രണയം
വഴിയരുകിൽ.

അടഞ്ഞ ജാലകങ്ങൾ
മഴ നനഞ്ഞൊരു
വണ്ടി.
----------------------------------------------

Monday, August 3, 2015

കുഞ്ഞൻ

1.
നിൻ കാലെന്നു നിനച്ചുമ്മ-
വെച്ചതാ കരിങ്കല്ലിലെന്നു
പുഴപ്പെണ്ണ്.
  
2.
കാറ്റ് കൊണ്ടുപോയ
കുടയ്ക്കൊരായിരം നന്ദി,
നിനക്കും പിന്നെ മഴയ്ക്കും.
 
3.
വാ തുറന്നു കിടപ്പാണ്
റെയിൽപാളങ്ങൾ, 
മഴയേറ്റുവാങ്ങാൻ. 
  
4.
ഇടവഴിയിലാരോ
ഒഴുക്കുവിട്ട
കളിവള്ളങ്ങൾ.
 
5.
മഴയ്ക്കും മുന്നും പിന്നും
നിശബ്ദമാണ്,
നിൻ കൊലുസിനിന്നും. 
 
 6.
മഴ പോയ
വഴിനോക്കി
പായൽ.  

7.
എനിയ്ക്കും നിനക്കുമിടയി-
ലൊരിട വഴിയുണ്ടാതാണ്
നമ്മെ വേർതിരിക്കുന്നത്.  
 
Tuesday, July 31, 2012

വീട്ടുപേര്

ആളൊഴിഞ്ഞ ഊഞ്ഞാലില്‍
നാല് മണിക്കാറ്റ്,
വെയിലുണ്ണാന്‍ കാത്തിരിക്കുന്നു
നാല് മണിപ്പൂവുകള്‍.
ഓര്‍മ്മകളുടെ നിറഭേധങ്ങളും പേറി
മണ്ണിന്‍ മാറില്‍ തല ചായ്ച്ചുറങ്ങുന്നു
കരിയിലക്കൂട്ടങ്ങള്‍.
പറമ്പിലെ അഴുകിത്തുടങ്ങിയ
"കൊക്കോ" മരത്തില്‍
ചാടിക്കളിക്കുന്നു ഉപ്പന്‍.
ഉമ്മറക്കോലായില്‍
നിറം മങ്ങിയ, ആണിയിളകിയ
ഒര് വീട്ടുപേര്,
പുത്തന്‍ വീട് !!!

Monday, July 2, 2012

പുഴ

വിശന്നു വലഞ്ഞ്
ഒരു പുഴയൊഴുകുന്നുണ്ട്.
ഞെങ്ങി ഞെരുങ്ങി,
ഉരുളന്‍ കല്ലുകള്‍ക്ക് മീതെ...

കടന്നു കയറുന്നുണ്ട് പണ്ട്,
പുഴ വിഴുങ്ങിയ തീരം മെല്ലെ.
ചോര്‍ന്നു പോകുന്നുണ്ട്
ഉള്ളില്‍ ഒതുക്കി വെച്ച പലതും.

ജീവന്‍ ഒതുക്കിപ്പിടിച്ച്
ഒരു മഴക്കാലം മോഹിച്ച്
ചെറു വള്ളം നെഞ്ചോടു ചേര്‍ത്ത്
സ്വപ്നം കണ്ട് വിശന്ന് വലഞ്ഞ്,
പുഴ ഇന്നും ഒഴുകുന്നുണ്ട്
നാളെ എന്തെന്നറിയാതെ
ചവിട്ടുകള്‍ ഏറ്റു വാങ്ങി
വളഞ്ഞ്, വളഞ്ഞ്....

Wednesday, June 27, 2012

പഞ്ചസാര ഒരു കിലോ. 
പിരിയന്‍ മുളക് അരക്കിലോ. 
ലിസ്റ്റില്‍ പിന്നെയുമുണ്ട് കുറെ സാധനങ്ങള്‍,
പൈസയും ലിസ്റ്റും പോക്കറ്റില്‍ തന്നെ ഉണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് തപ്പി നോക്കി ഉറപ്പു വരുത്തി. 
കൂലിയായി കടയില്‍ നിന്നും വാങ്ങാന്‍ അനുവദിച്ചിട്ടുള്ള  കപ്പലണ്ടി മിട്ടായിയുടെ മണം മനസില്‍ എവിടെ നിന്നോ മൂത്ത് പൊങ്ങുന്നുണ്ട്.

നേരം കുറച്ചായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിട്ട് ഒരു സൈക്കള് കാരനേയും കാണുന്നില്ലല്ലോ ദൈവമേ. 
നോക്കി നോക്കി കണ്ണ് കഴച്ചപ്പോള്‍ അതാ എവിടെയോ ഒരു സൈക്കിള്‍ മണി നാദം, 
കാളവണ്ടിയുടെ മണി കിലുക്കമല്ലെന്നു ചെവി  വട്ടം പിടിച്ച് ഉറപ്പു വരുത്തി, അല്ല ഇത് സൈക്കിള്‍ തന്നാ...

കാലുകള്‍ക്ക് ഒരു പുതു ജീവന്‍ വെച്ചത് പോലെ ഒരു ബലം.പതുക്കെ മുന്നോട്ടു നടന്നു തുടങ്ങി. കുറച്ചു കൂടെ നന്നാല്‍ മാത്രമേ ആ പുളി മരത്തിന്‍റെ അടുത്ത് എത്തുകയുള്ളൂ, അപ്പോഴേയ്ക്കും സൈക്കിളുകാരന്‍ അവിടെ എത്തും, പിന്നെ ഒന്നും നോക്കണ്ട സൈക്കളിന്‍റെ   കൂടെ മത്സരിക്കുന്നത് പോലെ ഒരു ഒറ്റ ഓട്ടം വെച്ച് കൊടുക്കണം,പുളി മരം കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയാല്‍ സൈക്കിളുകാരനെ മത്സരത്തില്‍ ജയിക്കാന്‍ വിടണം. 

എന്നാലും എന്തിനാവും യക്ഷികള്‍ ഇങ്ങനെ പുളിമരത്തില്‍ താമസിയ്ക്കുന്നത് ?
യക്ഷികള്‍ പുളിയിറുത്ത് തിന്നാറുണ്ടാവുമോ??? അറിയില്ല, പക്ഷെ പിള്ളേരുടെ രക്തമാണത്രേ അവര്‍ക്ക് കൂടുതല്‍ ഇഷ്ട്ടം. കടയില്‍ നിന്നും സാധനങ്ങള്‍ വാണി സഞ്ചിയിലാക്കി കയ്യില്‍ ഒതുക്കിപ്പിടിച്ചു, സഞ്ചിയുടെ കാത് കയ്യില്‍ മുറുക്കി ഒരു കുരുക്ക് പോലെ ഇട്ടു.

ഓട്ടത്തിനിടയില്‍ അതെന്തെങ്ങാനും താഴെ വീണാല്‍ തീര്‍ന്നു കഥ. തിരിച്ചു വരാന്‍ നേരം വന്നപ്പോള്‍ വേഗം സൈക്കിള്‍ കിട്ടി. എന്നാലും ഓട്ടത്തിന് അല്പം സ്പീഡ് കൂട്ടി കാരണം ഇരുട്ടിനു ഇപ്പോള്‍ വല്ലാത്ത ഒരു നിറമായിരിക്കുന്നു.

എന്ന് മുതല്‍ക്കാണോ ആ ഓട്ടം നിര്‍ത്തിയത് എന്നറിയില്ല. 
ഇന്നും ആ പുളിമരം തല ഉയര്‍ത്തി ആ റോഡരുകില്‍ നില്‍പ്പുണ്ട്. 
ചെങ്കല്ല്  റോഡ്‌  മാറി  താറിട്ട റോഡായി...ഓടു  മേഞ്ഞ  വീടുകള്‍  എല്ലാം എങ്ങോ  പോയി മറഞ്ഞിരിക്കുന്നു .
ഇന്നും യെക്ഷികള്‍ അവിടെ തന്നെ ആവുമോ  താമസം  അതോ  കാലം മാറിയപ്പോള്‍ അവരും  താമസം  മാറ്റിക്കാണുമോ  ?അറിയില്ല. 

പക്ഷേ ഇന്നും... ആ കപ്പലണ്ടി മിട്ടായിയുടെ മണം മനസ്സില്‍ എവിടെയോ മൂത്ത് പൊന്തി  വരുന്നുണ്ട് .  

Friday, June 22, 2012

മഞ്ഞു വീണ പാതയില്‍
അവശേഷിച്ച കാല്പാടുകളും
മാഞ്ഞു തുടങ്ങുന്നു.

ഓര്‍മ്മകള്‍ക്ക് മീതെ
കാലം കുത്തഴിഞ്ഞു വീഴുന്നു.

ക്ലാവ് പിടിയ്ക്കുകയും
വക്കുടയുകയും ചെയ്യുന്നു
ജ്വലിച്ചു നിന്നിരുന്ന ഓര്‍മ്മകള്‍.
നാളെയുടെ ഗോപുരങ്ങള്‍ കീഴടക്കാന്‍
ഇന്ന്, ഇന്നലയെ മറക്കുന്നു.

അഴിഞ്ഞു വീഴുന്ന കണ്ണികള്‍,
അവ മുറിച്ചു മാറ്റുന്നത്
രക്ത ബന്ധങ്ങള്‍.
എല്ലാം നാളേയ്ക്കു വേണ്ടി മാത്രം.

ഇന്നലയുടെ ഓര്‍മ്മകള്‍,
അവയ്ക്ക് മീതെ മഞ്ഞ്
പൊഴിഞ്ഞു കൊണ്ടേയിരിക്കുന്നു...

Sunday, June 3, 2012

വേട്ടപ്പട്ടികള്‍

അവയ്ക്ക് നാറുന്ന
നീണ്ട നാവുണ്ട്,
കൂര്‍ത്ത് നീണ്ട പല്ലുണ്ട്
വിറളി പിടിച്ച തലച്ചോറില്‍ 
ഭ്രാന്തിന്‍റെ കൊടും കാടുണ്ട്‌.
വേട്ടയാടുക, ഇണചേരുക എന്നതിനപ്പുറം
എന്താണാവയ്ക്ക് ചിന്തിക്കാനുള്ളത്?

എന്നാല്‍...

മനുഷ്യാ നിന്‍റെ കാമം നിറഞ്ഞ 
കണ്ണുകളില്‍ ചായം പൂശി,
പുഞ്ചിരിയില്‍ വഞ്ചനകള്‍ 
ഒളിപ്പിച്ച്,
ചോര കുടിയ്ക്കാന്‍ വെമ്പുന്ന
നാവില്‍ കുശലം തിരുകി,
ഇരുട്ടിന്‍റെ മറവില്‍ വേട്ടയ്ക്കിറങ്ങുമ്പോള്‍
നാണിച്ചു തല താഴ്ത്തിപ്പോകുന്നു
ആട്ടിന്‍ തോലണിഞ്ഞ ചെന്നായ് പോലും.

Wednesday, March 28, 2012

അറബിയും "ബബിള്‍സ് ടീ " -യും.

ദിവസവും രാവിലെ പതിവുള്ളതാണ് കടുപ്പത്തില്‍ ഒരു ചായ.  
പുകവലി നിര്‍ത്തിയത് മുതല്‍ക്കു ചായ കുടി അല്പം കൂടുതലാണ്. പതിവ് പോലെ ഇന്നും രാവിലെ ഓഫീസിലെ  കിച്ചണില്‍ ചായ ഉണ്ടാക്കിക്കൊണ്ട്  നില്‍ക്കുമ്പോള്‍, മധുരമോ പാലോ ഇല്ലാതെ വെറും കോഫി മാത്രം ചൂടോടു കൂടെ കുടിയ്ക്കുന്ന സൗദി പയ്യന്‍ എന്‍റെ ചായ ഉണ്ടാക്കല്‍ കാണാന്‍ ഇടയായി. 

ഹമ്പട സൌദീ... നീ ഇന്ത്യക്കാരുടെ ചായക്കൂട്ട്  നോക്കി പഠിക്കുകയാണ് അല്ലേ? 

ഞാന്‍ ഗമയില്‍ ചായക്കടയിലെ ആളിനെ പോലെ ഒരു കപ്പില്‍ നിന്നും മറു കപ്പിലേയ്ക്ക് ചായ നീളത്തില്‍ ഒഴിച്ച് ആറ്റാന്‍ തുടങ്ങി.
ലവന്‍ ഒരടി പുറകോട്ടു മാറി നിന്നു. ചൂട് ചായ ദേഹത്ത് വീണാല്‍ ഏതു സൌദിയ്ക്കും  പൊള്ളൂമെന്നു അവനറിയാം.
അങ്ങനെ ചായ പതിപ്പിച്ചു കപ്പിന് മുകളില്‍ അടിഞ്ഞു കൂടിയ പത നോക്കിയിട്ട് സൗദി ചോദിച്ചു. " അല്ല ഹബീബി... എന്തിനാണ് നീ ഇതിങ്ങനെ പതപ്പിക്കുന്നത് ? "

എടാ കാശുകാരന്‍ മണ്ടന്‍ കൊണാപ്പി സൌദീ.... എന്നില്‍ നിനക്കുണ്ടായിരുന്ന സകലമാന വിലയും നിന്‍റെ ഈ ചോദ്യം കാരണം തവിട് പൊടിയായിരിക്കുന്നു എന്ന രീതിയില്‍  അവനെ   ഒന്ന് തറപ്പിച്ച് നോക്കി, എന്നിട്ട്  നല്ല പോലെ ശ്വാസം ഒന്ന് അകത്തേയ്ക്ക്  വലിച്ചു  കേറ്റി, 
ഞാന്‍ പതുക്കെ പറഞ്ഞു " യാ ഹബീബി ഇത് വെറും ചായ അല്ല. കണ്ടില്ലേ ഇതിന്‍റെ മുകളില്‍ പൊങ്ങി നില്‍ക്കുന്ന കുമികള്‍  ഇതിന്‍റെ പേരാണ് " ബബിള്‍സ് ടീ ".

ഇത് കുടിച്ചാലുള്ള  ഗുണം എന്തെന്ന് അറിയാത്ത നിന്നോട് എനിയ്ക്ക് സഹതാപം തോനുന്നു കൂട്ടുകാരാ.  
പെന്‍ഷ പറ്റാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൈക്കൂലിക്കേസില്‍ പിടിയ്ക്കപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ  പോലെ അവന്‍ അന്തം  വിട്ടു  ചായയില്‍ തന്നെ  നോക്കി അങ്ങനെ നില്‍ക്കുകയാണ്. 

ഇതാ ഇങ്ങോട്ട്  നോക്ക്. എന്ന് ചായയിലെയ്ക്ക്  കൈ ചൂണ്ടി  കാണിച്ചിട്ട് ചായക്കപ്പില്‍ പൊങ്ങി നിന്ന  പത ഞാന്‍ അങ്ങ് വലിച്ചു കുടിച്ചു . ....കൂടെ " ആഹ"  എന്നൊരു  ആക്കും ..... എന്നിട്ട അവനോടു പതിഞ്ഞ സ്വരത്തില്‍ പറ.ഞ്ഞു

.ഈ "ബബിള്‍സ് ടീ " കുടിച്ചാല്‍ ഇരട്ടകുട്ടികള്‍ക്ക് ചാന്‍സ് ഉണ്ടാകും, നീയും വേണേല്‍ പരീക്ഷിച്ചു നോക്കിക്കോ. 

മാഷ അല്ലാഹ്...അവന്‍ കയ്യിലിരുന്ന  കോഫി ഗ്ലാസ്‌ പതുക്കെ ട്രാഷ് ബോക്സിലെയ്ക്ക് തട്ടി. പുതിയൊരു കപ്പെടുത്തു ചൂടുവെള്ളം നിറച്ചു ടീ ബാഗ്‌ ഒരെണ്ണം അതില്‍ ഇറക്കി വെച്ച് പാലൊഴിച്ച്, പഞ്ചസാര ഇട്ട് രണ്ടു മൂന്ന് ഇളക്ക് ...
വേറെ ഒരു കപ്പ്‌ കൂടെ എടുത്തു പതപ്പിക്കലോട് പതപ്പിക്കള്‍...എന്നിട്ട് ശുക്രന്‍ യാ ഹബീബി ശുക്രന്‍ . 

ആ... അങ്ങനെ തന്നെ എന്ന് പറഞ്ഞു പത നിറഞ്ഞ ഗ്ലാസ്സുമായി ഞാന്‍ പതുക്കെ സീറ്റിലേയ്ക്ക് നടന്നു ...
നടക്കുന്ന നടപ്പില്‍ മനസ്സില്‍ ചിരിയും കൂടെ കുറെ കുഞ്ഞു ബ്ലോഗ്‌  കുമിളകളും പൊട്ടി.... 

ശുഭം.   

Sunday, February 12, 2012

കടലമ്മ.

കണ്ടു മടുത്തു ഞാനീ
പ്രണയ ചേഷ്ട്ടകള്‍ നിത്യം.
ഉണ്ട് മടുത്തു ഞാനീ
ബലി തര്‍പ്പണങ്ങള്‍.
കൊണ്ട് നിറഞ്ഞു ഞാനീ
മാലിന്യക്കൂമ്പാരം.
പിടിച്ചു കെട്ടീ ചിലരിന്ന് 
പടുത്തുയര്‍ത്തുവാന്‍.
വാരിയെടുക്കുന്നു ചിലര്‍
വിറ്റ് തുലയ്ക്കുവാന്‍.
മുങ്ങുന്നു ചിലര്‍ മുത്തിനും
പവിഴത്തിനും വേണ്ടി.

കാണ്‍വതില്ലാരുമിന്നെന്‍റെ
കണ്ണുനീര്‍ ഉറ്റവരെ
ഞാന്‍ കൊണ്ട് പോകും
കാലംവരെയ്ക്കും.    

Friday, February 10, 2012

സുഗന്ധം പരത്തും ഓര്‍മ്മകള്‍.

ധ്രിതി പിടിച്ചുള്ള ഭാര്യയുടെ നടത്തത്തെ തടയിട്ടു കൊണ്ട് ഞാന്‍ വണ്ടിയിലിരുന്നു ആണ്ഗ്യം കാണിച്ചു,
കാര്യം മനസിലായ അവള്‍ തിരിച്ചു നടന്നു ഗെയ്റ്റ് പൂട്ടി മുന്‍ സീറ്റില്‍ വന്നിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു,
ഈയിടെയായി നിനക്ക് ഓര്‍മ്മക്കുറവു കൂടുന്നുണ്ട്. ഓഹോ...കൂടുകയല്ലേ സാരമില്ല,നിങ്ങളെപ്പോലെ ഓര്‍മ്മ കുറയുകയൊന്നും അല്ലല്ലോ.!!!

അവളുടെ കമെന്റിനു മകളുടെ വക ഒരു നൂറു "ലൈക്കും" നിര്‍ത്താതെയുള്ള ചിരിയും. എന്‍റെ മുഖം ചളുക്കോ പുളുക്കൊന്നു ചമ്മി നാറി.ചമ്മി നശിച്ച എന്നെ ഒന്ന് കൂടെ ചമ്മിച്ചു കൊല്ലാന്‍ വേണ്ടി അവള്‍ കയ്യിലിരുന്ന പേഴ്സ് എടുത്തു എന്‍റെ നേരെ നീട്ടി.ദൈവമേ രാവിലെ ഇത് ഞാന്‍ മറക്കാതെയെടുത്ത് പോക്കറ്റില്‍ വെച്ചതാണല്ലോ പിന്നെ എങ്ങനെ നിന്‍റെ കയ്യില്‍ വന്നുവെന്ന് തലപുകയ്ക്കുകയും അവളുടെ അടുത്ത കമന്ടിനു  കാതോര്‍ത്തിരിക്കുകയും ചെയ്തെങ്കിലും എന്നെ നിരാശനാക്കി കൊണ്ട് അവള്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. പേഴ്സ് വാങ്ങി പോക്കറ്റില്‍ തിരുകുന്നതിനിടയില്‍ "ഇതിനോക്കെ കൂടിയല്ലേ പെണ്ണേ നിന്നെ കെട്ടിയത് " എന്ന എന്‍റെ മറുപടി മൌനത്തിലൊളിപ്പിച്ച് ഞാന്‍ അവള്‍ക്കൊരു ചിരി സമാനിച്ചു,അതിനു മറുപടിയായി അവളുടെ വക തലയാട്ടലും കഴിഞ്ഞപ്പോള്‍ സന്തുഷട്ട കുടുംബത്തിലെ ഒരു രംഗം കഴിഞ്ഞു വണ്ടി മെല്ലെ മെല്ലെ റോഡിലൂടെ ഓഫീസ് ലക്ഷ്യമായി നീങ്ങിത്തുടങ്ങി.

ഭാര്യയെ ഓഫീസില്‍ യാത്രയാക്കിയതിനു ശേഷം മകള്‍ വന്നു മുന്‍ സീറ്റില്‍ ഇരുന്നു,
മോളെ സീറ്റ് ബെല്‍റ്റ്‌ ഇടൂ. എന്തിനാ  അച്ഛന്‍ എന്നത്തേയും പോലെ പതുക്കെയല്ലേ പോകൂ, കുറച്ചു സ്പീഡില്‍ പോയാല്‍ ബെല്‍റ്റിടാം.അവള്‍ക്കു മറുപടി കൊടുക്കാതെ അത് പിടിച്ചു ഇടീപ്പിച്ചു. പിന്നെ സ്ഥിരം പറയാറുള്ള ഉപദേശവും.നമ്മള്‍ എത്ര തന്നെ പതുക്കെ പോയാലും ലക്കും ലഗാനുമില്ലാതെ വണ്ടിയോടിക്കുന്നവര്‍ അപകടങ്ങള്‍ ഉണ്ടാക്കും. അത് കൊണ്ടല്ലേ അച്ഛന്‍ സീറ്റ് ബെല്‍റ്റിടാന്‍ പറയുന്നത്.എനിയ്ക്ക് നീ ഒന്നല്ലേ ഉള്ളൂ.

കുറച്ചു കൂടെ സ്പീഡില്‍ പോ അച്ഛാ...സമയം വൈകി...അതും പറഞവള്‍  എന്‍റെ കയ്യിലൊരു നുള്ളു തന്നു. നീളമുള്ള ഒരു കത്തി  നെഞ്ജില്‍  കുത്തിക്കയറിയ പോലെ ഞാന്‍ വാ തുറന്നു അവളെ നോക്കി ഒരു അലറല്‍ പാസാക്കി. മുല്ലപ്പൂ പല്ലുകള്‍ കാട്ടിയവള്‍ അപ്പോഴും ചിരിയോട് ചിരി, കറുത്ത നിറമുള്ള റോഡിലൂടെ വണ്ടി പതുക്കെ തന്നെ പൊയ്ക്കൊണ്ടിരുന്നു.

പെട്ടെന്ന് കുറച്ചുപേര്‍ റോഡിലെയ്ക്കിറങ്ങി നിന്ന് കൈകാണിച്ചു വണ്ടി നിര്‍ത്തിച്ചു. അപ്പോഴേയ്ക്കു നെറ്റിയില്‍ നിന്നും ചോര ഒലിക്കുന്ന ഒരു അമ്മുമ്മയെ രണ്ടു മൂന്നു പേര് ചേര്‍ന്ന്  പിന്‍ സീറ്റിലേയ്ക്ക് കിടത്തിക്കഴിഞ്ഞിരുന്നു. ആ കൂട്ടത്തില്‍ നിന്നും ഒരാള്‍ കൂടെ പുറകില്‍ കയറി. വേഗം ആശുപത്രിയിലേയ്ക്ക് പോകൂ. അയാള്‍ പറഞ്ഞപ്പോഴേയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി നെറ്റിചുളിച്ചിരുന്ന  മകളുടെ മുഖം ഞാന്‍ പിടിച്ചു മുന്നിലേയ്ക്ക് നോക്കാന്‍ പറഞ്ഞു. ഇന്ന് വരെ അവള്‍ കണ്ടിട്ടില്ലാതിരുന്ന സ്പീഡില്‍ വണ്ടി ആശുപത്രിയില്‍ എത്തിച്ചു.

വേഗം സ്ട്രെച്ചറില്‍ അവരെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. കുറെ നേരത്തിനു ശേഷം അവരുടെ മകനും ഭാര്യയും എത്തി. കുറച്ചു രക്തം പോയി.നെറ്റിയില്‍ മൂന്നു തയ്യല്‍ ഉണ്ട്.ആ അമ്മുമ്മ മൂത്ത മകന്‍റെ വീട്ടില്‍ പോകുന്ന വഴിയായിരുന്നു ഏതോ ഒരു പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ തട്ടിയതാണ്. അവള്‍ പേടിച്ചു നിര്‍ത്താതെ ഓടിച്ചു പോയി.

അമ്മുമ്മയുടെ മകന്‍ വന്നു കുറെ നന്ദി പറഞ്ഞു ആശുപതിയില്‍ എത്തിച്ചതിനു.
നേരത്തെ തന്നെ ഓഫീസില്‍  വിളിച്ചു  ഹാഫ് ഡേ ലീവിന് സമ്മതം വാങ്ങി.അടുത്ത് നിന്ന മകള്‍ക്ക് സന്തോഷം ഇന്നിനി പഠിക്കാന്‍ പോകണ്ടല്ലോ. ട്രിപ്പ് കൊടുത്തു കഴിഞ്ഞു അവര്‍ക്ക് വീട്ടില്‍ പോകാം എന്നാണു ഡോക്ടര്‍ പറഞ്ഞത്. തലയില്‍ വെളുത്ത കെട്ടുമായി ക്ഷീണിച്ചു കിടക്കുന്ന അവരെ കണ്ടപ്പോള്‍ ഇതിനു മുന്‍പ് എവിടെയോ കണ്ടത് പോലെ തോന്നി. ആ മകനുമായി കുറച്ചു നേരം സംസാരിച്ചു നിന്നു. നല്ല മനുഷ്യന്‍.

പണമൊക്കെ അടച്ച് ആശുപത്രി ഗെയ്റ്റിലേയ്ക്ക് വന്നപ്പോള്‍ ആണ് ഞാന്‍ ചോദിച്ചത് എവിടെയാണ് പോകേണ്ടത് അടുത്താണെങ്കില്‍ വണ്ടിയുണ്ട് ഞാന്‍ കൊണ്ടാക്കാം.
അയ്യോ വേണ്ട ഞങ്ങള്‍ ഒരു ഓട്ടോയില്‍ പൊയ്ക്കൊള്ളാം. പറയൂ എവിടെയാണ് പോകേണ്ടത്. സ്ഥലം പറഞ്ഞപ്പോള്‍ അവരെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റി. മകള്‍ ഉത്സാഹത്തോടെ സീറ്റ് ബെല്റ്റു ഒക്കെ വലിച്ചിട്ടിരുന്നു.

വര്‍ഷങ്ങള്‍ കുറെ ആയിരിക്കുന്നു ഈ വഴിയൊക്കെ വന്നിട്ട്. പണ്ട് പഠിക്കാന്‍ പോകുന്ന സമയത്തായിരുന്നു ഈ വഴി വന്നു കൊണ്ടിരുന്നത്. ഇടയ്ക്കിടയ്ക്ക് മകളുടെ കയ്യില്‍ ഞാന്‍ ഓരോ തട്ട് കൊടുക്കുണ്ടായിരുന്നു എന്നിട്ട് ഓരോ സ്ഥലങ്ങള്‍ ചൂണ്ടിക്കാണിയ്ക്കും അവള്‍ അതെല്ലാം കണ്ടു എന്നാ രീതിയില്‍  തലയാട്ടും. പഴയകിയ സ്കൂള്‍ കെട്ടിടവും,വലിയ ഒരു ക്രിസ്ത്യന്‍ പള്ളിയും, ചെറിയ കുടിലുകളും, റോഡരുകിലെ പൈപ്പില്‍ നിന്നും പൊട്ടി ഒലിക്കുന്ന വെള്ളത്തില്‍ കളിക്കുന്ന കുറെ കുട്ടികളും.
പട്ടണത്തില്‍ നിന്നും കുറച്ചുള്ളിലെയ്ക്കുള്ള പ്രദേശത്തെ ശാന്തത വളരെ നല്ലത് തന്നെ. ഇടറോഡിലൂടെ കുറെ പോയപ്പോള്‍ ആണ്‍ കുട്ടികളുടെ സ്കൂളിനു പുറകു വശത്ത് എത്തി. സ്കൂളിനു തൊട്ടടുത്ത വീടാണ് അവരുടേത്.

അപ്പോഴാണ്‌ ഞാന്‍ വണ്ടിയിലെ ഗ്ലാസില്‍ കൂടി ആ അമ്മുമ്മയെ ഒന്ന് കൂടെ ശ്രദ്ധിച്ചു നോക്കിയത്.വളരെ അടുത്തറിയാവുന്ന ഒരു മുഖം പോലെ തോന്നി.
ആ വീട് കൂടെ കണ്ടപ്പോഴാണ് ഓര്‍മ്മകള്‍  തികട്ടി വന്നത്. ശുദ്ധമായ തണുത്ത വെള്ളത്തില്‍ കാലങ്ങള്‍ക്ക് ശേഷം ഇന്നാണ് രുചിയുള്ള ഒരു ഗ്ലാസ്‌ നാരങ്ങ്യാ വെള്ളം കുടിച്ചത്.പാത്രത്തില്‍ പൊട്ടിച്ചു നിരത്തിയ ബിസ്ക്കറ്റില്‍ നിന്നും രണ്ടെണ്ണം എടുത്തു മകള്‍ക്ക് കൊടുത്തു. എന്തോ ആ വീടിനോട് വല്ലാത്ത ഒരു ഇഷ്ട്ടം.
യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ അമ്മുമ്മയോടു മനസ്സില്‍ ഒരായിരം നന്ദി പറയുകയായിരുന്നു.

നിന്നെ ഒരു സ്ഥലം കാണിക്കാം എന്ന് മകളോട് പറഞ്ഞു വണ്ടി നേരെ വേറെ ഒരു വഴിയില്‍ കൂടെ ഓടിച്ചു.കുറെ പൊയ്ക്കഴിഞ്ഞപ്പോള്‍ ഇരു വശങ്ങളിലും നിറയെ നെല്‍പ്പാടങ്ങള്‍ ഉള്ള ഒരു സ്ഥലം എത്തി. വിളഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടം. അതിന്‍റെ നടുക്ക് കൂടിയാണ് ഈ ചെറിയ  റോട്‌. റോടല്ല സത്യത്തില്‍ പാലമാണ്. അടിയിലൂടെ ഒരു തോടോഴുകുന്നുണ്ട് .ഇടതു വശത്ത് കുറെ ദൂരെയായി നെല്‍പ്പാടങ്ങള്‍ക്കു നടുവിലായി ഒരു ചെറിയ കുടില് പോലത്തെ അമ്പലം.രണ്ടു ചെറിയ മരങ്ങള്‍ അമ്പലത്തിനു ഇരുവശവും നില്‍പ്പുണ്ട്.

വണ്ടി പാലത്തില്‍ നിന്നും കുറച്ചു മുന്നിലേയ്ക്ക് മാറ്റി അരികു ചേര്‍ത്ത് നിര്‍ത്തി മകളോട് ഇറങ്ങാന്‍ പറഞ്ഞു. ഡോര്‍ തുറന്നു പുറത്തിറങ്ങിയതും ഗ്രാമത്തിന്‍റെ സുഗന്ധം പറത്തിക്കൊണ്ടു ഒരു കാറ്റ് ഇരു കവിളുകളിലും തലോടി കടന്നു പോയി. ചെവിയില്‍ കാറ്റ് വീഴുന്ന നല്ല ശബ്ദം. മകളുടെ കൈ പിടിച്ചു പാലത്തിലെയ്ക്ക് നടന്നു. അവളെ പൊക്കിയെടുത്തു പാലത്തിന്‍റെ കൈ വരിയില്‍ നിര്‍ത്തി. എന്‍റെ ദേഹത്ത് അള്ളിപ്പിടിച്ചു അവള്‍ അവിടെ നിന്നു. താഴെ തോട്ടില്‍ കൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ ശബ്ദം, കാറ്റിനു തോട്ട്‌വക്കത്തു നില്‍ക്കുന്ന തെരളി മരത്തിന്‍റെ നല്ല വാസന. ഹായ് എന്ത് നല്ല സ്ഥലം അവള്‍ക്കു അവിടം നന്നേ ഇഷ്ടമായിരിക്കുന്നു.
കുറെ നേരം കഴിഞ്ഞ്‌ ഒരു വിധത്തിലാണ് അവളെ തിരിച്ചു കാറില്‍ കയറ്റിയത്.

അടുക്കളപ്പണിയ്ക്കിടയിലാണ് ഭാര്യയോടു കാര്യങ്ങളൊക്കെ പറഞ്ഞത്. ആ അമ്മുമ്മയെ ആദ്യം എനിക്ക് മനസിലായില്ല.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്ന് ഞാന്‍ ചേച്ചിയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്, ഒരുദിവസം ഞാന്‍ സ്കൂളില്‍ പോകാനായി സമയം താമസിച്ചപ്പോള്‍ ഇടവഴി കയറി ആശാന്‍റെ പറമ്പില്‍ കൂടെ ഓടുകയായിരുന്നു.സ്കൂളില്‍ ബെല്ലടിയ്ക്കുന്ന ശബ്ദം കേട്ടപ്പോള്‍ ഓട്ടത്തിന് വേഗത കൂടി.പെട്ടെന്ന് കാലില്‍ എന്തോ തട്ടി ഞാന്‍ മൂക്കും കുത്തി നിലത്തു വീണത്.    പെട്ടെന്ന് എന്നെ ആരോ ഓടി വന്നു പൊക്കി എടുത്തു കുടഞ്ഞു.കാല്‍ മുട്ടില്‍ നിന്നും ചോര ഒലിക്കുണ്ടായിരുന്നു. കൈ മുട്ട് രണ്ടും ഉരഞ്ഞിരുന്നു. പുസ്തക്കെട്ട്  ചിതറിക്കിടക്കുന്നു, ചോറ്റു പാത്രം മണ്ണില്‍ വീണ് ചോറും തോരനുമെല്ലാം കറുത്ത നിറം പുരണ്ടിരിക്കുന്നു. അത് കണ്ടതും ഞാന്‍ നിന്ന് കരയാന്‍ തുടങ്ങി.

എന്നെ പൊക്കി എടുത്ത ആ ചേച്ചി പുസ്തകങ്ങള്‍ ഒക്കെ എടുത്തു അടുക്കിത്തന്നു എന്നിട്ട്  അകത്തു പോയി ഒരു തുണിക്കഷ്ണം കൊണ്ട് വന്നു. എന്നെ മാവിന്‍ ചുവട്ടില്‍ ഇരുത്തി കിണറ്റില്‍ നിനും വെള്ളം കോരി കയ്യും കാലുമൊക്കെ കഴുകിച്ചു. ചോറ്റു പാത്രത്തിലെ ബാക്കിയിരുന്ന ചോറും ചമ്മന്തിയും വെണ്ടയ്ക്ക മെഴുക്കു പുരട്ടിയും വാഴച്ചുവട്ടില്‍ തട്ടിക്കളഞ്ഞു പാത്രം കഴുകി അകത്തു പോയി അത് നിറയെ ചോറും ചമ്മന്തിയും തോരനുമൊക്കെ നിറച്ചു കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു മോന്‍ ടീച്ചറോട് പറഞ്ഞാല്‍ മതി വരുന്ന വഴിക്ക് മറിഞ്ഞു വീണത്‌ കൊണ്ടാണ് താമസിച്ചതെന്ന്. കാല്‍ മുട്ടില്‍ ഒരു വെളുത്ത പൊടിയിട്ട്  തന്നു എന്നിട്ട്  ഒരു തുണിയും ചുറ്റി. അപ്പൊ ഇന്ന് നമ്മള്‍ ആശുപത്രിയില്‍ ആക്കിയ ആ അമ്മുമ്മയാണോ അച്ഛാ ആ ചേച്ചി ? മകളുടെ വക ചോദ്യത്തിന് ഞാന്‍ അതെയെന്നു തലയാട്ടി.

ഒടുവില്‍ ഭാര്യയോടു ഒരു ചോദ്യം...
അതേയ്  നിനക്ക്  തെരളിയപ്പം ഉണ്ടാക്കാന്‍  അറിയാമോ ? അവള്‍ ഒന്ന് നെറ്റി ചുളിച്ചു എന്നിട്ട് .
എനിയ്ക്കറിയില്ല, ചേച്ചിക്ക്  അറിയായിരിക്കും അവള്‍ പറഞ്ഞു.ഞാന്‍ വിളിച്ചു ചോദിയ്ക്കാം, അതിനിപ്പോള്‍ തിരളി ഇല എവിടെ കിട്ടും?

ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു. അതൊക്കെ ഒപ്പിച്ചു. കാറിന്‍റെ ഡിക്കിയില്‍ നിന്നും രണ്ടു കൊപ്പ് തിരളി ഇല കൊണ്ട് വന്നു കൊടുത്തു. ആ തോടിന്‍റെ കരയില്‍ നിന്ന തെരളി മരത്തില്‍ നിന്നും പറിച്ചതാണ് . അപ്പോഴേയ്ക്കും അവള്‍ ഫോണ്‍ ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു,

അടുക്കള മുഴുവന്‍ ഓര്‍മകളുടെ തെരളിമണം നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞാന്‍ വേഗം മൂന്ന് പ്ലേറ്റുകള്‍ എടുത്തു കഴുകി വൃത്തിയാക്കി മേശപ്പുറത്ത് വെച്ചു.

Wednesday, February 8, 2012

നെയ്ത്തുകാരന്‍

സ്വപ്നമെല്ലാം നെയ്തു
തീര്‍ക്കാന്‍ ഞാനിന്ന്
വിശ്വാസം കയ്യിലേന്തി
ഇറങ്ങിത്തിരിച്ചു.

ഇഴകുരുങ്ങിയ ചിന്തകള്‍
അടര്‍ത്തിയെടുക്കാന്‍
ദൈവ സന്നിധിയില്‍
മുട്ട് കുത്തി.

നിറം മങ്ങിയ നൂലിനും,
മുന കുറഞ്ഞ സൂചിയ്ക്കും
ചെകുത്താന്‍റെ പിടലിയിയ്ക്ക്
ഒരു ചവിട്ട്.

വിറയാര്‍ന്ന കയ്യിലെ
കോപം കഴുകി,
കാമം വെടിഞപ്പോള്‍
ഉടലെടുക്കുന്നു സ്വപ്നത്തിലെ
ശുഭ്ര വസ്തം.

Monday, February 6, 2012

വീണ്ടുമൊരു മരണം

കാക്കി നിറത്തില്‍
മുഷിഞ്ഞ വസ്ത്രങ്ങള്‍.

കാലിലെ ചുണങ്ങില്‍
വയറു വീര്‍ത്ത ഈച്ച.

ജഡ പിടിച്ച മുടിക്കെട്ടില്‍
കുരുങ്ങിയ റിബ്ബണ്‍.

കണ്ണുകള്‍ പകുതി
തുറന്നു തന്നെ.

വെള്ളരിച്ചിറകുകള്‍
പൊട്ടി മുളച്ചപ്പോള്‍
അവള്‍ക്ക് വിശപ്പിലായ്മ.

ഗംഗയില്‍ മുങ്ങി
കുരിശു വരച്ചവള്‍
ദിക്ക് റുകള്‍ ചൊല്ലി
പറന്നുയര്‍ന്നു.

മേഖങ്ങള്‍ക്കിടയില്‍
പതിയിരുന്ന ചിലര്‍
അവള്‍ക്കു മീതെ ചാടിവീണു
വീണ്ടുമൊരു മരണം
ഏറ്റുവാങ്ങാന്‍ അവള്‍
കണ്ണുകള്‍ വീണ്ടും
ഇറുക്കിയടച്ചു.

Saturday, February 4, 2012

ഓര്‍മ്മകള്‍ (എന്‍റെ ഉമ്മുമ്മ )

ജീവിതത്തില്‍ ആദ്യമായി ഞാന്‍ ചവണ എന്ന സംഗതി കാണുന്നത് ഉമ്മുമ്മാടെ വെറ്റില ചെല്ലത്തിന്‍റെ കൂടെയാണ്. അടയ്ക്കയുടെ തൊലി ചുരണ്ടിക്കളയുന്നത് കാണാന്‍ ഒരുരസമാണ് ഞാന്‍ അതിങ്ങനെ നോക്കി ഇരിക്കാറുണ്ട്. ചുരണ്ടി വെളുപ്പിച്ച അടയ്ക്ക കഷണങ്ങളായി മുറിച്ചു വായിലെയ്ക്കിട്ടു മുറുക്കാനൊക്കെ മുറുക്കി ഉമ്മുമ്മ അങ്ങനെ ഗമയില്‍ ഇരിയ്ക്കും.

എന്‍റെ ഉമ്മയ്ക്കും മാമിയ്ക്കും ഉച്ച കഴിഞ്ഞാല്‍ പിന്നത്തെ ജോലി പേന്‍ നോട്ടമാണ്. തരം കിട്ടിയാല്‍ നമ്മടെ തലയിലും പേന്‍ തിരയും. കളിക്കാനും പറമ്പായ പറമ്പുകളില്‍ ചുറ്റി നടക്കാനും കിട്ടുന്ന സമയം ഇല്ലാത്ത പേനുകള്‍ തിരഞ്ഞു കളയാന്‍ ആരെങ്കിലും നിന്നുകൊടുക്കുമോ? അത്കൊണ്ട് തന്നെ പേന്‍ നോക്കാന്‍ വിളിച്ചാല്‍ പിടി കൊടുക്കാതെ ഓടിക്കളയാന്‍ ഞാന്‍ പ്രത്യേകം ശീലിച്ചിരുന്നു .

പറമ്പില്‍ വീണു കിടക്കുന്ന അടയ്ക്കാ പെറുക്കി പാറമേല്‍ വെച്ച് കല്ല്‌ കൊണ്ട് ഞാന്‍ ഇടിച്ചു നോക്കിയിട്ടുണ്ട്. തെന്നി മാറുകയോ തെറിച്ചു പോവുകയോ ചെയ്യുന്നതല്ലാതെ അടയ്ക്ക പൊട്ടില്ല."തല്ലി തേങ്ങാ" ആയിരുന്നുവെങ്കില്‍ രണ്ടു പ്രാവശ്യം പാറക്കല്ലില്‍ വെച്ച് ഇടിച്ചാല്‍ മതി അതിനുള്ളിലെ വെളുത്ത പരിപ്പ് ചതഞ്ഞു പോകാതെ ഇളക്കിയെടുക്കാന്‍ പാകത്തില്‍ മുറിഞ്ഞു കിട്ടും. പക്ഷെ അടയ്ക്കാന്‍ നമ്മുടെ കൈക്ക് വഴങ്ങില്ലാ.

കഴിഞ്ഞു പോയ കുട്ടിക്കാലങ്ങള്‍, നാട്ടിന്‍പുറത്തു നിന്നും പട്ടണത്തിലെയ്ക്കുള്ള കുടിയേറ്റം,
നഷ്ട്ടപ്പെടുതുന്നത് കണ്ണിനു കുളിര്‍മയെകുന്നതും, ഹൃദയത്തില്‍ വിശുദ്ധി പരത്തുന്നതുമായ പ്രകൃതിയാണ്, പിന്നെ ഒന്നും ആഗ്രഹിക്കാതെ സ്നേഹിക്കുന്ന മനസുകളും .

കുറച്ചൊക്കെ വളര്‍ന്നപ്പോള്‍ എന്തെങ്കിലും അത്യാവശ്യത്തിനു വട്ടച്ചിലവിനുള്ള കാശൊപ്പിയ്ക്കാന്‍ എളുപ്പ മാര്‍ഗം ഉമ്മുമ്മയെ കാണാന്‍ പോകലാണ്. വയറു നിറയെ ഭക്ഷണം കഴിച്ചു, പോകാന്‍ നേരം വീട്ടിലേയ്ക്കൊരു കെട്ടു സാധനങ്ങളും കൂടെ മടിശീലയില്‍ നിന്നും ആരും കാണാതെ പോക്കെറ്റില്‍ തിരുകി തരുന്ന പൈസയ്ക്കും പകരമായി ചുക്കിച്ചുളിഞ്ഞ കവിളത്ത് ഒരു മുത്തം മാത്രം .

കൊട്ടന്‍ ചുക്കാധിയും, അരിഷ്ട്ടങ്ങളും, സൂചി ഗോതമ്പും ഒക്കെ വാങ്ങി കുടുംബസമേതം അമ്മുമ്മയെ കാണാന്‍ ചെല്ലുമ്പോഴും അമ്മ കൊടുക്കുന്ന നോട്ടുകളില്‍ നിന്നും ആരും കാണാതെ കൈവെള്ളയില്‍ പിടിപ്പിക്കുന്ന നോട്ടുകള്‍ക്ക് പകരം എന്താണ് തിരികെ കൊടുത്തിട്ടുള്ളത് ? എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും.

സ്നേഹത്തിന്‍റെ നിറകുടമായിരുന്ന ഉമ്മുമ്മയുടെ ആത്മാവിനു ദൈവം തമ്പുരാന്‍ ശാന്തിയെകട്ടെ എന്ന പ്രാര്‍ത്ഥനയല്ലാതെ വിലമതിയ്ക്കുന്നതൊന്നുമില്ല ഈ കൈകളില്‍.

Sunday, January 29, 2012

അക്ഷരങ്ങള്‍

പ്രണയമെന്നില്‍ കുടിയേറിയപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു തിളക്കമുണ്ടായത്.
അവ കുടിയിറങ്ങിയപ്പോഴാ-
ണവയ്ക്ക് പഴക്കം വന്നത്. 

വിരഹമെന്നില്‍ തളിര്‍ത്തപ്പോഴാ-
ണെന്നക്ഷരങ്ങള്‍ക്കു നനവുണ്ടായത്.
അവ പടര്‍ന്നപ്പോഴാ-
ണവയില്‍ പുഴയോഴുകിയത്. 

സ്നേഹമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ ശാന്തമായത്.
കോപം മൊട്ടിട്ടപ്പോഴാ-
ണവ വെന്തു മരിച്ചത്.

ഭയമെന്നില്‍ നിറഞ്ഞപ്പോഴാ-
ണെന്നക്ഷരങ്ങള്‍ പതറിയത്.
ദൈര്യമാര്‍ജിച്ചപ്പോഴാ-
ണവര്‍  ജയ് വിളിച്ചത്.

ദൈവമെന്നില്‍ കനിഞ്ഞപ്പോഴാ-
നെന്നക്ഷരങ്ങള്‍ പിറന്നത്.
ദൈവത്തെ സ്തുതിച്ചപ്പോഴാ-
ണവയ്ക്ക് അര്‍ത്ഥമുണ്ടായത്.
 
Tuesday, January 10, 2012

തെരുവിന്‍റെ മക്കള്‍

ചെവികളില്‍
കാറ്റിന്‍റെയീണം പോല്‍
നഗരത്തിന്നിരമ്പം.

മടിക്കുത്തില്‍
പകുതി ഊണിനു
തികയാത്ത നാണയത്തുട്ടുകള്‍.

മുടിയ്ക്കുള്ളില്‍
വിശപ്പുമാറിയുറങ്ങും
ഈരും പേനും.

ഊരും പേരും മറന്ന പെണ്ണിന്
തല ചായ്ക്കാനിന്നു
പേരറിയാത്ത ഊരിലെ
കടത്തിണ്ണകള്‍ സ്വന്തം.

എന്നിട്ടും, മനുഷ്യ മൃഗങ്ങള്‍
അഴുക്കു ചാലിന്‍റെ വക്കത്തും
ഓടുപൊട്ടിയ വീട്ടിലും
കറുത്ത വാവ് തീര്‍ക്കുന്നു.

Saturday, January 7, 2012

ലവ് ജിഹാദി

ലക്ഷ്മിക്കുട്ടിയ്ക്ക്.
അന്നേ ഞാന്‍ പറഞ്ഞതല്ലേ നിന്നോട് ഈ ലവ് ജിഹാദ് സത്യമല്ലെന്ന്. അന്ന് നീയത് വിശ്വസിച്ചില്ല.
അത് കേള്‍ക്കാതെ നീയാ പല്ലന്‍ പാക്കരന്‍റെ കയ്യിന്നു ഹിന്ദി നോട്ട് ബുക്ക് വാങ്ങിയതും, അവന്‍ നിനക്ക് നാരങ്ങ്യാ മുട്ടായി തന്നതും, മഷി തീര്‍ന്ന പെയക്ക്‌ റീഫില്ലറ് തന്നതും, ഉത്സവത്തിന്‍റെ അന്ന് വള വാങ്ങിത്തരാമെന്ന് പറഞ്ഞു പറ്റിച്ചതും ഒക്കെ ഞാന്‍ അറിഞ്ഞു.

ഉമ്മുക്കുലുസേ എന്ന് നിന്നെ വിളിച്ചത് സ്നേഹം കൂടിയത് കൊണ്ടാണെന്നും അല്ലാതെ ഞാന്‍ ഒരു ലവ് ജിഹാദിയല്ലെന്നും നിന്നോട് ഒരു നൂറായിരം വട്ടം ആണയിട്ടു പറഞ്ഞിട്ടും നീ കേട്ടില്ല. എന്‍റെ പെങ്ങളുടെ കുഞ്ഞുവാവയുടെ പേരാണ് ഉമ്മുക്കുലുസെന്നും ആ വാവയുടെ ചിരിയാണ് നിനക്കുന്നും എത്രയോ തവണ ഞാന്‍ പറഞ്ഞതാണ് നീ കേട്ടമട്ടു പോലും കാണിക്കാതെ ഞാന്‍ ലവ് ജിഹാദിയെന്ന് മുദ്ര കുത്തി.

ആ കള്ളന്‍ പാക്കരന്‍ മൂന്നാമതും ഏഴില്‍ തോറ്റ വിവരമൊക്കെ ഞാന്‍ അറിഞ്ഞു. അവന്‍ നിനക്ക് തന്ന ലവ് ലെറ്റര്‍ എഴുതിയത് എന്‍റെ കൂട്ടുകാരന്‍ മഹേഷാണ്. അവന്‍ എന്നോട് പറഞ്ഞിരുന്നു.

നിനക്ക് ഓര്‍മ്മ കാണും നമ്മുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സാറാമ്മയെ അവള്‍ക്കു ഞാന്‍ ദിവസവും മില്‍ക്കി ബാര്‍ കൊടുക്കുന്നുണ്ട്. അവള്‍ക്കു നന്നായി കവിത എഴുതാനും അറിയാം.

നിന്നെ പോലെയല്ല നല്ല ശബ്ദമാണ് അവള്‍ക്ക്. ഉമ്മുക്കുലുസു എന്ന് വിളിക്കുമ്പോള്‍ അവളുടെ ചിരി കാണാന്‍ നല്ല ചേലാണ്.

കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്‍റെ മാത്രം തെറ്റല്ല എന്നെനിക്കറിയാം. പക്ഷെ വിശ്വാസം തെറ്റിച്ച നിന്നെ എനിയ്ക്ക് ഇഷ്ടമല്ല എന്ന് തുറന്നു പറയുന്നു.

എന്ന്
സാറാമ്മയുടെ സ്വന്തം.... ( ജിഹാദി)
 
Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
Sunday, December 18, 2011

"ബവ്വനും" ബീവിയും.

സ്കൂള്‍ ഓണാവധിക്ക് അമ്മവീട്ടില്‍ പോയി ഏഴെട്ടു ദിവസം അടിച്ചു പോളിക്കുക്ക എന്നത് നിങ്ങളെപ്പോലെ തന്നെ പണ്ടുകാലത്ത് എനിയ്ക്കും കിട്ടിക്കൊണ്ടിരുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു ഇത്തരം ഒത്തുചേരലുകള്‍ വളരെ വലിയ പങ്കാണ് വഹിച്ചിരുന്നത് എന്നത് സത്യം തന്നെയാണ്. അല്ലറ ചില്ലറ ഉടക്കുകളൊക്കെ പിള്ളേര് തമ്മില്‍ ഉണ്ടാകുമെങ്കിലും നല്ല കുറെ ഓര്‍മകളുമായിട്ടാവും അവരും അവിടെ നിന്നും തിരിച്ചു വണ്ടി കയറുക.

അങ്ങനെ ഒരിക്കല്‍ ഞാനും" കൊല്ലം, മയ്യനാടുള്ള" അമ്മ വീട്ടില്‍ എത്തി. പറമ്പുകളിലെ മാങ്ങയും ചക്കയും അയണിക്കായുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരിയ്ക്കുന്ന കാലം. ബന്ധുക്കള്‍ കുറെ പേര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോള്‍ അമ്മ ഞങ്ങളുടെ പഴയ ഉടുപ്പും, നിക്കറുമൊക്കെ എടുത്തു കവറില്‍ വെയ്ക്കാറുണ്ട്‌. അമ്മയ്ക്കറിയാം ഇവിടെ വന്നു കഴിഞ്ഞാല്‍ പിന്നെ ഇവന്മാര്‍ക്ക് നല്ല ഡ്രസ്സ്‌ ഒന്നും പറ്റില്ലെന്ന്. ഏതു സമയത്തും പാടത്തും ,പറമ്പിലും തോട്ടു വക്കത്തും ഒക്കെയാവും ഞങ്ങളുടെ കളികള്‍ .

അങ്ങനെ അല്ലറ ചില്ലറ പിണക്കങ്ങളും, കളികളും, ഊര് ചുറ്റലുമൊക്കെയായി പോയിക്കൊണ്ടിരുന്ന ഒരു ദിവസം "കരുനാഗപ്പള്ളിയിലുള്ള" മാമിയുടെ കുടുംബത്തിന്‍റെ കൂടെ ഒരു പെണ്‍കുട്ടി കൂടെ ഞങ്ങള്‍ക്കിടയിലെയ്ക്ക് വന്നു ചേര്‍ന്നു . മാമിയുടെ സ്വന്തത്തില്‍ പെട്ട കുട്ടി (സാല്‍മിയ ). തിളങ്ങുന്ന ഉടുപ്പും,ചുവന്ന ഓപ്പണ്‍ ഷൂവും, ചെമ്പന്‍ തല മുടിയുമുള്ള അവളെ ഞാന്‍ ആദ്യം തന്നെ നോട്ടമിട്ടു. പക്ഷേ എന്നെക്കാള്‍ സീനിയറായ മാമിയുടെ മകന്‍ (നിയാസ് )അവളെ വളച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അവനു പണ്ടേ ഒരു ശീലമുണ്ട് എപ്പോഴും നമ്മുടെ പുറകിലൂടെ ശബ്ധമുണ്ടാക്കാതെ പമ്മിപ്പമ്മി വന്നിട്ട് പട്ടി കുരയ്ക്കുന്ന പോലെ ഉച്ചത്തില്‍ " bowwww bowww " എന്ന ശബ്ധമുണ്ടാക്കും. പൊതുവേ പേടിത്തൂറികളായ കുട്ടികള്‍ നില്‍ക്കുന്ന നില്‍പ്പില്‍ നേരെ ആകാശത്തില്‍ പറ പറക്കും കൂട്ടത്തില്‍ നല്ല നിലവിളിയും ഉണ്ടാകും.

ഞാനൊക്കെ രണ്ടു കാലും പൊക്കി ചാടിയിട്ടു തലയും കുത്തി താഴെ വീണിട്ടുണ്ട് ഇവന്‍റെ ഈ പേടിപ്പെടുത്തല്‍ കാരണം. ഈ അടവ് തന്നെ ഇവന്‍ അവളോടും( സാല്‍മിയ) ഇറക്കി. ലവള്‍ മൂടും കുത്തി വീണു കൂടെ ഇട്ടോ ഇറോ എന്ന കരച്ചിലും, അതും പോരാഞ്ഞിട്ട് കയ്യും ചെറുതായി മുറിഞ്ഞു.

നമ്മളൊക്കെ ആണെങ്കില്‍ കുഴപ്പമില്ല ഇത് വേറെ കുട്ടിയാണ്, ഈ ഒഴുകിയ ഇത്തിരി ചോരയ്ക്ക് പകരം കാലിലെ തൊലി കുറെ പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍ ലോകത്തില്ലാത്ത സാധനങ്ങളൊക്കെ ലവള്‍ക്ക് കൈക്കൂലി കൊടുത്തു മാപ്പിരന്നു ആ കരച്ചിലൊന്ന് നിര്‍ത്താന്‍. വിമ്മി വിമ്മി അവള്‍ ഓരോ സമ്മാനങ്ങളും വാങ്ങിക്കൂട്ടി വെയ്ക്കും.

ഓരോന്ന് കൊടുക്കുമ്പോഴും അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒളിപ്പിച്ചു വെച്ചിരുന്ന നാല് നിറങ്ങളുള്ള ഒരു വലിയ പന്ത്, കറുത്ത ഒരു കരടിപ്പാവ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട്, കെട്ട് കണക്കിന് തീപ്പെട്ടി പടങ്ങള്‍ ഇതെല്ലം അവള്‍ സ്വന്തമാക്കി . ഒടുക്കം സംഗതി ഒതുക്കി തീര്‍ത്തു.

വര്‍ഷം പലതു കഴിഞ്ഞു എങ്ങനെയോ നിയാസും സാല്‍മിയയും " ഹസ്ബന്ടും, വൈഫുമായി " എങ്ങനെ എന്ന് പറയണ്ടല്ലോ!!! പണ്ട് ഞാന്‍ നോക്കിയ പെണ്ണാണ് എന്ന ഒരു വീമ്പിലാതെ ഞാനും അവരുടെ കല്യാണത്തിന് പങ്കെടുത്തു.

കല്യാണം കഴിഞ്ഞു ഏകദേശം രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം ദൂരെയുള്ള ബന്ധു വീട്ടിലെ ഒരു കല്യാണം, എല്ലാവരും പോകുന്നുണ്ട് .

നിയാസ് പറഞ്ഞു ഞാന്‍ വരുന്നില്ല എനിയ്ക്ക് ഓഫീസില്‍ ഓഡിറ്റിങ്ങാണ്. ഞായര്‍ ആയിരുന്നെങ്കില്‍ വരാമായിരുന്നു. സത്യത്തില്‍ ഓഡിറ്റിങ്ങും കീഡിറ്റിങ്ങും ഒന്നുമല്ല അവന്‍റെ വൈഫും കല്യാണത്തിന് പോകുന്നില്ലത്രേ. എവിടെ നിന്നോ അവള്‍ക്കും ഒരു വയറു വേദന !!!.

രാവിലെ അല്പം നേരത്തെ തന്നെ അവന്‍ ഓഫീസില്‍ പോയി. കുറച്ചു കഴിഞ്ഞു വീട്ടില്‍ നിന്നും എല്ലാവരും കല്യാണത്തിന് പോയതിനു ശേഷം ഡോര്‍ ബെല്‍ ശബ്ദിക്കുന്നു, സാല്‍മിയ വന്നു കതകു തുറന്നു, നോക്കിയപ്പോള്‍ നമ്മടെ പുയ്യാപ്ല തലയും തടവി നില്‍ക്കുന്നു.

ഉം എന്ത് പറ്റി ?
ഓ....ഒരു ചെറിയ തല വേദന, ഞാന്‍ ലീവെടുത്തു.
കയ്യില്‍ വാങ്ങി വെച്ചിരുന്ന ഐസ് ക്രീം പായ്ക്കെറ്റ് അവളുടെ കയ്യിലോട്ട് കൊടുത്തിട്ട് അവന്‍ റൂമിലേയ്ക്ക് പോയി ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ആയിട്ട് ഒരു പാട്ടും വെച്ചു ( ഡാഡി മമ്മി വീട്ടില്‍ ഇല്ലെയ്) എന്നിട്ട് കള്ളപ്പൂച്ച മീന്‍ കട്ട് തിന്നാന്‍ അടുക്കളയിലേയ്ക്ക് പോകുന്നത് പോലെ നേരെ അടുക്കളയിലേയ്ക്ക് പമ്മിപ്പമ്മി നീങ്ങി.

അടുക്കളയില്‍ ചുവന്ന നിറമുള്ള മാക്സിയിട്ടു നിന്ന അവളെ കണ്ടപ്പോള്‍ ഒരു നിമിഷം അവന് അവള്‍ പണ്ടത്തെ തിളങ്ങുന്ന ഉടുപ്പിട്ട,ചെമ്പന്‍ മുടിയുള്ള, ഓപ്പണ്‍ ഷൂ ഇട്ട കൊച്ചു പെണ്ണായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല പുറകിലൂടെ ചെന്ന് ഉച്ചത്തില്‍ തന്നെ ഒരു " bowww bowwww " അങ്ങ് കാച്ചി .

കൂണ് പോലെ പൊങ്ങി നില്‍ക്കുന്ന വെള്ളം നിറഞ്ഞ കുമിളകളിലും, കാലിലെ പൊള്ളിയ സ്ഥലങ്ങളിലും നഴ്സ് ഒയിന്‍മെന്‍റ് പുരട്ടുമ്പോള്‍ വേദന കൊണ്ടവന്‍ അറിയാതെ പറഞ്ഞു പോയി "hoowww ".

വാല്‍ക്കഷ്ണം : ഗുളു ഗുളു എന്ന് തിളച്ചു മറിയുന്ന മത്തിക്കറി വെയ്ക്കുന്ന ഭാര്യയുടെ പുറകില്‍ നിന്നും "bowww bowwww " എന്ന് വെച്ചാല്‍ നിങ്ങള്‍ക്കും ഇങ്ങനെ " howwwwwee " എന്ന് വെയ്ക്കേണ്ടി വരും. അത് കൊണ്ട് ആരും തന്നെ അടുക്കളയില്‍ ഭാര്യമാരെ പേടിപ്പിക്കാനോ പീടിപ്പിക്കാനോ പോവുകയരുത് !!!
 
Sunday, December 11, 2011

ജിന്നും ഞാനും അമ്പലക്കുളവും

ചൊവ്വാഴ്ച ദിവസങ്ങളിലാണത്രേ ജിന്നുകളും, മാടനും മറുതയും, തലവെട്ടിയുമൊക്കെ പനകളിലും കുളങ്ങളിലുമൊക്കെ നിന്ന് സ്വതന്ത്രരായി അലഞ്ഞു തിരിഞ്ഞു നടന്ന് മനുഷ്യരുടെ ശരീരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതും, ആട്, കോഴി,പശു തുടങ്ങിയവയെ ഒക്കെ അടിച്ചു വീഴ്ത്തി ചോര കുടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നതും.

അന്നും ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു. സ്കൂളിലെ കസര്‍ത്ത് കഴിഞ്ഞു വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ്സിലെ ചോദ്യം ചോദിക്കല്‍ മഹാ മഹവേളയില്‍ വയറിനകത്തെ
വിശപ്പിന്‍റെ വിളിയെ ഞാന്‍ പാട് പെട്ട് അടക്കി നിര്‍ത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, വീട്ടില്‍ ഉമ്മുമ്മയെ കാണാന്‍ വന്ന ബന്ധുക്കള്‍ കൊണ്ട് വെച്ച ബല്യ പൊതിക്കെട്ട് തന്നെ. മേശ മേല്‍ വെച്ചിരുന്നത് കാരണം ഒന്നും എടുക്കാന്‍ പറ്റിയില്ല ഇനി തിരികെ വീട്ടില്‍ പോയിട്ട് വേണം അതൊക്കെ അടിച്ചു മാറ്റാന്‍. അല്ലെങ്കില്‍ അതൊക്കെ
ഉമ്മ
പല വിധ ടിന്നുകളില്‍ പൂഴ്ത്തി വെച്ച് കളയും. പിന്നെ കുറച്ചു കുറച്ചു മാത്രമേ തരികയുള്ളൂ.

മനസ് നിറയെ മധുവേറും ജിലേബിയും സ്വപ്നം കണ്ടിരുന്നതിനാലാണ് സാറ് ചോദ്യം ചോദിച്ചപ്പോള്‍ കേള്‍ക്കാഞ്ഞത്. " സാറേ ചോദ്യം കേട്ടില്ല " എന്ന് പറഞ്ഞു തീര്‍ന്നതും പട പാടാ രണ്ടെണ്ണം ചന്തിക്ക് വീണു. ചൂരലിന്‍റെ അടിയേറ്റ് മനസിലെ ജിലേബി തവിട് പൊടിയായി പൊടിഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികളുടെ സൈഡ് ബെഞ്ചില്‍ ഞാന്‍ കണ്ടു എന്‍റെ ഉമ്മയ്ക്ക് എന്നെ ഒറ്റു കൊടുക്കാന്‍ പോകുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍. അതെ മാമീടെ മോള്‍ ഷാജി, സാറിന്‍റെ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം പറയുന്നവള്‍ , പെണ്‍ കുട്ടികളുടെ ലീഡര്‍, നോട്ട് പറഞ്ഞു തരുന്ന സുന്ദരി, നീളന്‍ മുടിയുട ഉടമ, ചോക്ക് കൊണ്ട് ബോര്‍ഡില്‍ പൂക്കളം തീര്‍ക്കുന്നവള്‍.

എന്നാല്‍ എനിയ്ക്കവള്‍ ഒറ്റുകാരിയായിരുന്നു ജിലേബിയ്ക്കും, ചിപ്സിനും, ഏത്തയ്ക്ക പൊരിച്ചതിനും സ്വന്തം മുറച്ചേറുക്കനെ ഒറ്റുകൊടുക്കുന്നവള്‍. കൊന്ത്രപ്പല്ലി, ഇത്ര നാളായിട്ടും തോട് മുറിച്ചു കടക്കാന്‍ വേണ്ടി പാലത്തില്‍ കൂടി മാത്രം പോകുന്നവള്‍, കണ്ണി മാങ്ങയോ, പുളിയോ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ലജ്ജയില്ലാതെ കൈ നീട്ടുന്ന കൊതിച്ചിപ്പാറു, വയറി....

ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്.

അങ്ങനെ അന്നും അതുണ്ടായി എനിയ്ക്ക് അടി കിട്ടിയ കാര്യം അവള്‍ ഉമ്മാടെ ചെവിയില്‍ മന്ത്രിച്ചു. ഇടവപ്പാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ ഉമ്മാടെ വക ശകാര വര്‍ഷം തുടങ്ങി, തെങ്ങിന്‍ ചോട്ടില്‍ കിടന്ന വെള്ളയ്ക്ക വെറുതെ എടുത്തു ദേഷ്യത്തിന് ഒന്ന് എറിഞ്ഞതാണ് . വലിയ ഒരു ശബ്ദത്തോട് കൂടി മുന്‍ വശത്തെ വരാന്തയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. എവിടെ നിന്നോ ഒരു സ്റ്റീല്‍ പാത്രം എന്‍റെ മുതുകത്തു വന്നു വീണു എവിടെ നിന്ന് എന്ന് നോക്കുമ്പോഴേയ്ക്കും അടുത്തത് വീണിരുന്നു തൊട്ടു പുറകെ ഒരു ചെരുപ്പും. ഓടുന്നതിന് മുന്നേ ഉമ്മാടെ പിടി കോളറില്‍ വീണു പിന്നെ ഒരു പൂരമായിരുന്നു.

അടി കൊണ്ട് നിന്ന ഞാന്‍ കുതറി ഓടാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടിച്ചു കെട്ടാന്‍ അവള്‍ ഷാള്‍ ഊരി കൊടുത്തു സഹായിക്കാന്‍ വന്നിരിക്കുന്നു വന്ജകി.
രണ്ട് കയ്യും കൂട്ടിക്കെട്ടി കാലിലും ഒരു കെട്ടിട്ടു ജനാലിന്‍റെ കമ്പിയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, അവള് വന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു, പോടീ തെണ്ടീ..നാറീ...പോടീ ഡീ ഡീ .... എന്‍റെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു.

" അല്ലാഹ് ചെക്കന് ജിന്ന് കൂടിയതാ" ഉമ്മാടെ വക കമെന്‍റ് .കയ്യില്‍ വിറകു കഷണുമായി വിറച്ചു വിറച്ചു നില്‍ക്കയാണ്‌ ഉമ്മ. വീണ്ടും ഞാന്‍ പോടീ വിളി തുടര്‍ന്നു എന്ത് പറഞ്ഞാലും പോടീ പോടീ പോടീ വിളിയുടെ സൌണ്ട് കൂടി വന്നു , വളരെ പെട്ടെന്ന് തന്നെ ഞാന്‍ കയ്യിലേയും കാലിലെയും കെട്ടഴിച്ചു. റബ്ബേ ഇത് ജിന്ന് തന്നെ അല്ലെങ്കില്‍ ഇങ്ങനെ കെട്ടഴിക്കുമോ?? ഉമ്മ ഉറപ്പിച്ചു ചെക്കന് ജിന്നാണ് !!!

നിന്ന നിപ്പില്‍ പിന്നെ ഒരു ഓട്ടമായിരുന്നു. പോകുന്ന പോക്കിന് ഗെയ്റ്റില്‍ ഒരു ചവിട്ടും കൊടുത്തു. ഗെയ്റ്റ് ചെന്ന് ചെടിച്ചട്ടിയില്‍ അടിച്ചിട്ട് അതും പൊട്ടി.
ഇനി ഇവിടെ നിന്നാല്‍ എന്‍റെ ചന്തിയും പൊട്ടും എന്ന് ഒന്ന് കൂടെ ഉറപ്പായി. അമ്പലക്കുളം ആയിരുന്നു ലക്ഷ്യം.
ചാടിച്ചാവണം. മടുത്തു ഈ ലോകം, ഒറ്റു കൊടുക്കുന്ന മുറപ്പെണ്ണ്, തല്ലിക്കൊല്ലുന്ന ഉമ്മ, ഓടുന്ന വഴിയില്‍ ഓട്ടോ സ്ടാണ്ടിലെ ചേട്ടന്മാരൊക്കെ നോക്കുന്നുണ്ട്, പെട്ടിക്കടയിലെ പൂച്ചക്കണ്ണന്‍ ഉപ്പുപ്പയും കണ്ടു, ഒന്നും നോക്കിയില്ല ഓട്ടം തന്നെ ഓട്ടം. പച്ച നിറമുള്ള കുളത്തിന് അടുത്തെത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍. പെട്ടെന്ന് മനസ്സില്‍ ഒരു ചിന്ത, ഞാന്‍ എന്തിനു ചാടി ചാവണം അവളെയല്ലേ കുളത്തില്‍ ഇടേണ്ടത് ?

ചിന്തിച്ചു നില്‍ക്കുന്ന സമയത്ത് പരിചയമുള്ള ആരോ രണ്ട് പേര്‍ അടുത്തേയ്ക്ക് വരുന്നു, മൂത്തുമ്മയും മൂത്താപ്പയും ആണ് , പിന്നെ ഞാന്‍ നിലം തൊടാതെ ആണ് അവിടെ നിന്നും പോയത്, കാരണം രണ്ട് കയ്യിലുമായി അവര്‍ എന്നെ തൂക്കി എടുത്തു കഴിഞ്ഞിരുന്നു.

മൂത്തുമ്മയുടെ മുടിയില്‍ തിരുകി വെച്ചിരുന്ന ചീര്‍പ്പ് ഞാന്‍ പറിച്ചെടുത്തു, കൈ കാലിട്ടടിച്ച്‌ നോക്കി ഒരു രക്ഷയുമില്ല. വീണ്ടും എല്ലാവരുടെയും മുന്നില്‍ ഞാന്‍ "ജിന്നായി " നിന്നു . അപ്പോഴും പോടീ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. വാപ്പ വന്നതിനു ശേഷം ജിലേബിയും ചുവന്ന പഴവും ബിസ്ക്കറ്റും തന്നു.എന്നെ സമാദാനിപ്പിച്ചു.

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉമ്മാടെ വക ഒരു കറുത്ത ചരട് എന്‍റെ കൈ തണ്ടയില്‍.രാവിലെ ചായയില്‍ ഹോര്‍ലിക്ക്സ് .
പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പിടി കപ്പലണ്ടി എനിക്ക് നീട്ടിയിട്ട്‌ മുറപ്പെണ്ണ് " ഇന്നാ ഇത് നീ എടുത്തോ".
വൈകുന്നേരം ചായയും കുടിച്ചു അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്ന എന്നെ നോക്കി ഉമ്മ " അവന്‍റെ ജിന്നൊക്കെ പോയി ഇപ്പൊ നല്ല കുട്ടിയാ ".

അടുത്ത ജിലേബി മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ ഉമ്മാനോട് അല്‍പ്പം ഒട്ടി നിന്നു. പ്രതീക്ഷിച്ച പോലെ ഒന്നിന് പകരം രണ്ട് ജിലേബി കയ്യിലേയ്ക്കു വെച്ച് തന്നു.
അങ്ങനെ ജിന്നിന് സ്തുതി പറഞ്ഞു കൊണ്ട് ഞാന്‍ ജിലേബി വായിലേയ്ക്കിട്ടു ചവച്ചരച്ചു തിന്നു.
 
Sunday, November 20, 2011

ഡിസംബര്‍

മഞ്ഞു പെയ്യും ഡിസംബര്‍,
നിനക്കോര്‍മ്മയുണ്ടോ ?
അന്നൊരു പുലരിയില്‍
ഇടതൂര്‍ന്നു നില്‍ക്കുന്ന
കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ
നീ പെയ്തിറങ്ങിയത്?

ഇരുണ്ട നിറമുള്ള കമ്പിളിചൂടി,
തലയില്‍ നാണത്തിന്‍ തൊപ്പി ചാര്‍ത്തി,
മിഴികളില്‍ പ്രണയം കാത്ത് സൂക്ഷിച്ചു
ഹൃദയങ്ങള്‍ തമ്മില്‍ കൈകോര്‍ത്തു
ഞങ്ങള്‍ ഒരുമിച്ചു നടന്നത് ?.

നീ കുളിരണിയിച്ച മരച്ചോട്ടില്‍,
മഞ്ഞിന്‍ മുത്തുകള്‍ കൊണ്ടലങ്കരിച്ച
നീല നിറമുള്ള ആ നീളന്‍ ബന്ജില്‍
നിമിഷങ്ങള്‍ യുഗങ്ങളാക്കി
ഇമ വെട്ടാതെ ഞങ്ങള്‍ നോക്കിയിരുന്നത് ?

നീ പൊഴിയിച്ച ഓരോമഞ്ഞു കണവും
മൂളിയ ഈരടിയിലന്നു കുളിരൂറും
പ്രണയത്തിന്‍ ഈണമായിരുന്നു .

ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലെ
തണുത്ത ജനാലയ്ക്കരുകിലിരുന്നു
ഞാനിന്നു കണ്ടു, ആ മഞ്ഞു വീണ
പാതയിലൂടെ കൈകോര്‍ത്തു
നീങ്ങുന്ന രണ്ടു പേരെ.

പറയൂ പ്രിയ ഡിസംബര്‍,
ഓര്‍മ്മയുണ്ടോ നിനക്ക്
പ്രണയം പെയ്തിറങ്ങിയ
ആ പുലരി .....