Wednesday, December 21, 2011

ആള്‍മാറാട്ടം

"ഉമ്മാ" ഇന്ന് കോളേജില്‍ ഫിലിം ഫെസ്റ്റിവല്‍ ഉണ്ട്, "ഉം"...അതിനോപ്പോ ഞാന്‍ തലയും കുത്തി നില്‍ക്കണോ എന്ന അര്‍ത്ഥമുള്ള ഒരു മൂളല്‍ മാത്രമായിരുന്നു പ്രതികരണം,

ഒരു ദോശ കൂടെ പാത്രത്തിലേയ്ക്ക് ഇട്ടു തന്നിട്ട് ഉമ്മ വീണ്ടും അങ്കത്തട്ടിലേയ്ക്ക് നടന്നകന്നു.

പതിവ് പോലെ രാവിലെ വാപ്പയാണ് കോളേജില്‍ കൊണ്ട് വിട്ടത്,ഒരു ടാറ്റയൊക്കെ കാണിച്ചു വാപ്പയെ യാത്രയാക്കി നേരെ അകത്തേയ്ക്ക് നടന്നു.

പെട്ടെന്നാണ് ഇടതു വശത്തെ നിരന്നു നില്‍ക്കുന്ന മരങ്ങള്‍ക്ക് പുറകില്‍ നിന്നും നീട്ടിയുള്ള ഒരു വിളി....ഡീ...പാത്തൂ.....ഇതിലെ വാ....
ഒരു ബെറ്റാലിയന്‍ കൂട്ടുകാരികള്‍ അവിടെ നിന്ന് കൈ കാണിയ്ക്കുന്നു, ശോഭ, അച്ചു, ധന്യ, പ്രിയ, ലെക്ഷ്മി.

വരിവരിയായി നിരന്നു നില്‍ക്കുന്ന പൂക്കളെ കൈ കൊണ്ടു മെല്ലെ തലോടിക്കൊണ്ട് നടന്ന് നടന്ന് കോളേജിന്‍റെ പുറകു വശത്തെ ഗെയ്റ്റ് വഴി എല്ലാവരും പുറത്തിറങ്ങി.
മുന്‍ വശത്ത് ഒരു ഗെയ്റ്റ് മലക്കെ തുറന്നു കിടപ്പുണ്ടെങ്കിലും പുറകെ വശത്തെ ചെറിയ ഗെയ്റ്റ് വഴി ക്ലാസ് കട്ട്‌ ചെയ്താലേ ഒരു സുഖമുണ്ടാവുകയുള്ളത്രേ ജ്യോതിയാണ് അത് പറഞ്ഞത്.

ആദ്യമായി ക്ലാസ് കട്ട്‌ ചെയ്യുന്നതിന്‍റെ ഒരു സുഖം മനസ്സില്‍ അല തല്ലിയെങ്കിലും ഒരു ചെറിയ പേടി വളര്‍ന്നു വളര്‍ന്നു അതിനെ വിഴുങ്ങാന്‍ തുടങ്ങിയിരിക്കുന്നു.
പോകുന്ന വഴിക്ക് അവളുമാര് അമ്പലത്തില്‍ കയറി. അന്യ ജാതിക്കാരിയായ ഞാന്‍ പുറത്തെ മതിലും ചാരി അങ്ങനെ നിന്നു.

വെയിലിനു ചൂട് കൂടുന്നതോടൊപ്പം ഉള്ളിലെ പേടിയും വര്‍ധിച്ചു വന്നു. തലയില്‍ കിടന്ന തട്ടം പിടിച്ചു മുഖം മറച്ചിട്ടു സൂര്യനെ നോക്കി പുച്ച സ്വരത്തോടെ പറഞ്ഞു "പോ മോനെ ദിനേശാ "!!!.
അമ്പലത്തിലെ പ്രസാദവും വാങ്ങി കുറിയും തൊട്ടു വന്ന അവളുമാര്‍ എനിക്കും കുറി തൊട്ടു തന്നു. അങ്ങനെ എല്ലാവരും ഈശ്വരനെയും മനസ്സില്‍ ധ്യാനിച്ച്‌ നേരെ സിനിമാ തിയറ്ററിലേയ്ക്ക് വിട്ടു.

ഉമ്മാ ചോര്‍...എന്ന നീട്ടി വിളിയോടെ ബാഗ് മേശപ്പുറത്തെയ്ക്കിട്ടു, കയ്യും കഴുകി മുഖവും കഴുകി ഇരുന്നപ്പോഴേയ്ക്കും വാപ്പാ വന്നു.
നീയെന്താ താമസിച്ചത് ?
" എക്സ്ട്രാ ക്ലാസ്സുണ്ടായിരുന്നു " പറഞ്ഞു തീര്‍ന്നതും കയ്യിലിരുന്ന തോര്‍ത്ത്‌ മടക്കിയിട്ട് കിട്ടി ഒരെണ്ണം,
ചോറും കൊണ്ടു വന്ന ഉമ്മ അന്തം വിട്ടു അവിടെ ബ്രേക്കിട്ടു നിന്നു.

കൃപാ തിയറ്ററില്‍ ആണോടീ നിന്‍റെ എക്സ്ട്രാ ക്ലാസ് ?? വാപ്പ രോഷം കൊണ്ടു അടുത്ത അമിട്ട് പൊട്ടിക്കാന്‍ കയ്യില്‍ തീപ്പെട്ടിയുമായി നിന്നു.
പടച്ചോനെ പണി പാളിയല്ലോ, എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു പറഞ്ഞു . " രാവിലെ ഞാന്‍ ഉമ്മാനോട് പറഞ്ഞായിരുന്നു ഇന്ന് ഫിലിം ഫെസ്റ്റിവല്‍ ഉള്ള കാര്യം.

വാപ്പ ഉമ്മയെ നോക്കി കണ്ണുരുട്ടി, ഉമ്മ അതേ എന്ന് തലയാട്ടി.
അല്ല ഒരു സിനിമയ്ക്ക് പോയതിനു വാപ്പ എന്തിനു ഇങ്ങനെ രോശാകുലനാകുന്നു ഞങ്ങള്‍ എല്ലാ പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

" ടപ്പേ " അടുത്തതും പൊട്ടി, പിന്നെ നീ എന്തിനാണ് മുഖം മൂടി കുറിയും ഇട്ടു ആള്‍മാറാട്ടം
നടത്തിയത് ???
ദൈവമേ ആള്‍മാറാട്ടം ?? !!! വെയില് കൊള്ളാതിരിക്കാന്‍ ആണ് തട്ടം പിടിച്ചു മുഖത്തേയ്ക്കു
ഇട്ടത്
അല്ലാതെ ആള്‍മാറാട്ടം ഒന്നും അല്ല.!!!

പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്ന ഉമ്മയുടെ സ്ഥിരം പല്ലവിയോടു കൂടി വാപ്പ പൂരത്തിന് കൊടിയിറക്കി.

വാല്‍ക്കഷണം : അമ്പലത്തിനു മുന്നിലെ ഓട്ടോ സ്റ്റാന്ടിലെ ഡ്രൈവെറുമാരില്‍ ഒരാള്‍ വാപ്പായുടെ അടുത്ത കൂട്ടുകാരന്‍ !!!
 
Sunday, December 18, 2011

"ബവ്വനും" ബീവിയും.

സ്കൂള്‍ ഓണാവധിക്ക് അമ്മവീട്ടില്‍ പോയി ഏഴെട്ടു ദിവസം അടിച്ചു പോളിക്കുക്ക എന്നത് നിങ്ങളെപ്പോലെ തന്നെ പണ്ടുകാലത്ത് എനിയ്ക്കും കിട്ടിക്കൊണ്ടിരുന്ന അപൂര്‍വ്വ ഭാഗ്യങ്ങളില്‍ ഒന്ന് തന്നെയായിരുന്നു. കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനു ഇത്തരം ഒത്തുചേരലുകള്‍ വളരെ വലിയ പങ്കാണ് വഹിച്ചിരുന്നത് എന്നത് സത്യം തന്നെയാണ്. അല്ലറ ചില്ലറ ഉടക്കുകളൊക്കെ പിള്ളേര് തമ്മില്‍ ഉണ്ടാകുമെങ്കിലും നല്ല കുറെ ഓര്‍മകളുമായിട്ടാവും അവരും അവിടെ നിന്നും തിരിച്ചു വണ്ടി കയറുക.

അങ്ങനെ ഒരിക്കല്‍ ഞാനും" കൊല്ലം, മയ്യനാടുള്ള" അമ്മ വീട്ടില്‍ എത്തി. പറമ്പുകളിലെ മാങ്ങയും ചക്കയും അയണിക്കായുമൊക്കെ സ്വന്തമാക്കിക്കൊണ്ടിരിയ്ക്കുന്ന കാലം. ബന്ധുക്കള്‍ കുറെ പേര്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്. ഇങ്ങോട്ട് പോരുമ്പോള്‍ അമ്മ ഞങ്ങളുടെ പഴയ ഉടുപ്പും, നിക്കറുമൊക്കെ എടുത്തു കവറില്‍ വെയ്ക്കാറുണ്ട്‌. അമ്മയ്ക്കറിയാം ഇവിടെ വന്നു കഴിഞ്ഞാല്‍ പിന്നെ ഇവന്മാര്‍ക്ക് നല്ല ഡ്രസ്സ്‌ ഒന്നും പറ്റില്ലെന്ന്. ഏതു സമയത്തും പാടത്തും ,പറമ്പിലും തോട്ടു വക്കത്തും ഒക്കെയാവും ഞങ്ങളുടെ കളികള്‍ .

അങ്ങനെ അല്ലറ ചില്ലറ പിണക്കങ്ങളും, കളികളും, ഊര് ചുറ്റലുമൊക്കെയായി പോയിക്കൊണ്ടിരുന്ന ഒരു ദിവസം "കരുനാഗപ്പള്ളിയിലുള്ള" മാമിയുടെ കുടുംബത്തിന്‍റെ കൂടെ ഒരു പെണ്‍കുട്ടി കൂടെ ഞങ്ങള്‍ക്കിടയിലെയ്ക്ക് വന്നു ചേര്‍ന്നു . മാമിയുടെ സ്വന്തത്തില്‍ പെട്ട കുട്ടി (സാല്‍മിയ ). തിളങ്ങുന്ന ഉടുപ്പും,ചുവന്ന ഓപ്പണ്‍ ഷൂവും, ചെമ്പന്‍ തല മുടിയുമുള്ള അവളെ ഞാന്‍ ആദ്യം തന്നെ നോട്ടമിട്ടു. പക്ഷേ എന്നെക്കാള്‍ സീനിയറായ മാമിയുടെ മകന്‍ (നിയാസ് )അവളെ വളച്ചെടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

അവനു പണ്ടേ ഒരു ശീലമുണ്ട് എപ്പോഴും നമ്മുടെ പുറകിലൂടെ ശബ്ധമുണ്ടാക്കാതെ പമ്മിപ്പമ്മി വന്നിട്ട് പട്ടി കുരയ്ക്കുന്ന പോലെ ഉച്ചത്തില്‍ " bowwww bowww " എന്ന ശബ്ധമുണ്ടാക്കും. പൊതുവേ പേടിത്തൂറികളായ കുട്ടികള്‍ നില്‍ക്കുന്ന നില്‍പ്പില്‍ നേരെ ആകാശത്തില്‍ പറ പറക്കും കൂട്ടത്തില്‍ നല്ല നിലവിളിയും ഉണ്ടാകും.

ഞാനൊക്കെ രണ്ടു കാലും പൊക്കി ചാടിയിട്ടു തലയും കുത്തി താഴെ വീണിട്ടുണ്ട് ഇവന്‍റെ ഈ പേടിപ്പെടുത്തല്‍ കാരണം. ഈ അടവ് തന്നെ ഇവന്‍ അവളോടും( സാല്‍മിയ) ഇറക്കി. ലവള്‍ മൂടും കുത്തി വീണു കൂടെ ഇട്ടോ ഇറോ എന്ന കരച്ചിലും, അതും പോരാഞ്ഞിട്ട് കയ്യും ചെറുതായി മുറിഞ്ഞു.

നമ്മളൊക്കെ ആണെങ്കില്‍ കുഴപ്പമില്ല ഇത് വേറെ കുട്ടിയാണ്, ഈ ഒഴുകിയ ഇത്തിരി ചോരയ്ക്ക് പകരം കാലിലെ തൊലി കുറെ പോകുമല്ലോ എന്നോര്‍ത്തപ്പോള്‍ അവന്‍ ലോകത്തില്ലാത്ത സാധനങ്ങളൊക്കെ ലവള്‍ക്ക് കൈക്കൂലി കൊടുത്തു മാപ്പിരന്നു ആ കരച്ചിലൊന്ന് നിര്‍ത്താന്‍. വിമ്മി വിമ്മി അവള്‍ ഓരോ സമ്മാനങ്ങളും വാങ്ങിക്കൂട്ടി വെയ്ക്കും.

ഓരോന്ന് കൊടുക്കുമ്പോഴും അവന്‍റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ഒളിപ്പിച്ചു വെച്ചിരുന്ന നാല് നിറങ്ങളുള്ള ഒരു വലിയ പന്ത്, കറുത്ത ഒരു കരടിപ്പാവ, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റോബോട്ട്, കെട്ട് കണക്കിന് തീപ്പെട്ടി പടങ്ങള്‍ ഇതെല്ലം അവള്‍ സ്വന്തമാക്കി . ഒടുക്കം സംഗതി ഒതുക്കി തീര്‍ത്തു.

വര്‍ഷം പലതു കഴിഞ്ഞു എങ്ങനെയോ നിയാസും സാല്‍മിയയും " ഹസ്ബന്ടും, വൈഫുമായി " എങ്ങനെ എന്ന് പറയണ്ടല്ലോ!!! പണ്ട് ഞാന്‍ നോക്കിയ പെണ്ണാണ് എന്ന ഒരു വീമ്പിലാതെ ഞാനും അവരുടെ കല്യാണത്തിന് പങ്കെടുത്തു.

കല്യാണം കഴിഞ്ഞു ഏകദേശം രണ്ടാഴ്ച ആയിക്കാണും ഒരു ദിവസം ദൂരെയുള്ള ബന്ധു വീട്ടിലെ ഒരു കല്യാണം, എല്ലാവരും പോകുന്നുണ്ട് .

നിയാസ് പറഞ്ഞു ഞാന്‍ വരുന്നില്ല എനിയ്ക്ക് ഓഫീസില്‍ ഓഡിറ്റിങ്ങാണ്. ഞായര്‍ ആയിരുന്നെങ്കില്‍ വരാമായിരുന്നു. സത്യത്തില്‍ ഓഡിറ്റിങ്ങും കീഡിറ്റിങ്ങും ഒന്നുമല്ല അവന്‍റെ വൈഫും കല്യാണത്തിന് പോകുന്നില്ലത്രേ. എവിടെ നിന്നോ അവള്‍ക്കും ഒരു വയറു വേദന !!!.

രാവിലെ അല്പം നേരത്തെ തന്നെ അവന്‍ ഓഫീസില്‍ പോയി. കുറച്ചു കഴിഞ്ഞു വീട്ടില്‍ നിന്നും എല്ലാവരും കല്യാണത്തിന് പോയതിനു ശേഷം ഡോര്‍ ബെല്‍ ശബ്ദിക്കുന്നു, സാല്‍മിയ വന്നു കതകു തുറന്നു, നോക്കിയപ്പോള്‍ നമ്മടെ പുയ്യാപ്ല തലയും തടവി നില്‍ക്കുന്നു.

ഉം എന്ത് പറ്റി ?
ഓ....ഒരു ചെറിയ തല വേദന, ഞാന്‍ ലീവെടുത്തു.
കയ്യില്‍ വാങ്ങി വെച്ചിരുന്ന ഐസ് ക്രീം പായ്ക്കെറ്റ് അവളുടെ കയ്യിലോട്ട് കൊടുത്തിട്ട് അവന്‍ റൂമിലേയ്ക്ക് പോയി ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ ആയിട്ട് ഒരു പാട്ടും വെച്ചു ( ഡാഡി മമ്മി വീട്ടില്‍ ഇല്ലെയ്) എന്നിട്ട് കള്ളപ്പൂച്ച മീന്‍ കട്ട് തിന്നാന്‍ അടുക്കളയിലേയ്ക്ക് പോകുന്നത് പോലെ നേരെ അടുക്കളയിലേയ്ക്ക് പമ്മിപ്പമ്മി നീങ്ങി.

അടുക്കളയില്‍ ചുവന്ന നിറമുള്ള മാക്സിയിട്ടു നിന്ന അവളെ കണ്ടപ്പോള്‍ ഒരു നിമിഷം അവന് അവള്‍ പണ്ടത്തെ തിളങ്ങുന്ന ഉടുപ്പിട്ട,ചെമ്പന്‍ മുടിയുള്ള, ഓപ്പണ്‍ ഷൂ ഇട്ട കൊച്ചു പെണ്ണായി തോന്നി. പിന്നെ ഒന്നും നോക്കിയില്ല പുറകിലൂടെ ചെന്ന് ഉച്ചത്തില്‍ തന്നെ ഒരു " bowww bowwww " അങ്ങ് കാച്ചി .

കൂണ് പോലെ പൊങ്ങി നില്‍ക്കുന്ന വെള്ളം നിറഞ്ഞ കുമിളകളിലും, കാലിലെ പൊള്ളിയ സ്ഥലങ്ങളിലും നഴ്സ് ഒയിന്‍മെന്‍റ് പുരട്ടുമ്പോള്‍ വേദന കൊണ്ടവന്‍ അറിയാതെ പറഞ്ഞു പോയി "hoowww ".

വാല്‍ക്കഷ്ണം : ഗുളു ഗുളു എന്ന് തിളച്ചു മറിയുന്ന മത്തിക്കറി വെയ്ക്കുന്ന ഭാര്യയുടെ പുറകില്‍ നിന്നും "bowww bowwww " എന്ന് വെച്ചാല്‍ നിങ്ങള്‍ക്കും ഇങ്ങനെ " howwwwwee " എന്ന് വെയ്ക്കേണ്ടി വരും. അത് കൊണ്ട് ആരും തന്നെ അടുക്കളയില്‍ ഭാര്യമാരെ പേടിപ്പിക്കാനോ പീടിപ്പിക്കാനോ പോവുകയരുത് !!!
 
Sunday, December 11, 2011

ജിന്നും ഞാനും അമ്പലക്കുളവും

ചൊവ്വാഴ്ച ദിവസങ്ങളിലാണത്രേ ജിന്നുകളും, മാടനും മറുതയും, തലവെട്ടിയുമൊക്കെ പനകളിലും കുളങ്ങളിലുമൊക്കെ നിന്ന് സ്വതന്ത്രരായി അലഞ്ഞു തിരിഞ്ഞു നടന്ന് മനുഷ്യരുടെ ശരീരങ്ങളിലേയ്ക്ക്‌ കുടിയേറുന്നതും, ആട്, കോഴി,പശു തുടങ്ങിയവയെ ഒക്കെ അടിച്ചു വീഴ്ത്തി ചോര കുടിയ്ക്കുകയോ കൊല്ലുകയോ ചെയ്യുന്നതും.

അന്നും ഒരു ചൊവ്വാഴ്ച ദിവസമായിരുന്നു. സ്കൂളിലെ കസര്‍ത്ത് കഴിഞ്ഞു വൈകുന്നേരത്തെ ട്യൂഷന്‍ ക്ലാസ്സിലെ ചോദ്യം ചോദിക്കല്‍ മഹാ മഹവേളയില്‍ വയറിനകത്തെ
വിശപ്പിന്‍റെ വിളിയെ ഞാന്‍ പാട് പെട്ട് അടക്കി നിര്‍ത്തുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, വീട്ടില്‍ ഉമ്മുമ്മയെ കാണാന്‍ വന്ന ബന്ധുക്കള്‍ കൊണ്ട് വെച്ച ബല്യ പൊതിക്കെട്ട് തന്നെ. മേശ മേല്‍ വെച്ചിരുന്നത് കാരണം ഒന്നും എടുക്കാന്‍ പറ്റിയില്ല ഇനി തിരികെ വീട്ടില്‍ പോയിട്ട് വേണം അതൊക്കെ അടിച്ചു മാറ്റാന്‍. അല്ലെങ്കില്‍ അതൊക്കെ
ഉമ്മ
പല വിധ ടിന്നുകളില്‍ പൂഴ്ത്തി വെച്ച് കളയും. പിന്നെ കുറച്ചു കുറച്ചു മാത്രമേ തരികയുള്ളൂ.

മനസ് നിറയെ മധുവേറും ജിലേബിയും സ്വപ്നം കണ്ടിരുന്നതിനാലാണ് സാറ് ചോദ്യം ചോദിച്ചപ്പോള്‍ കേള്‍ക്കാഞ്ഞത്. " സാറേ ചോദ്യം കേട്ടില്ല " എന്ന് പറഞ്ഞു തീര്‍ന്നതും പട പാടാ രണ്ടെണ്ണം ചന്തിക്ക് വീണു. ചൂരലിന്‍റെ അടിയേറ്റ് മനസിലെ ജിലേബി തവിട് പൊടിയായി പൊടിഞ്ഞു. അപ്പോള്‍ പെണ്‍കുട്ടികളുടെ സൈഡ് ബെഞ്ചില്‍ ഞാന്‍ കണ്ടു എന്‍റെ ഉമ്മയ്ക്ക് എന്നെ ഒറ്റു കൊടുക്കാന്‍ പോകുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍. അതെ മാമീടെ മോള്‍ ഷാജി, സാറിന്‍റെ ചോദിക്കാത്ത ചോദ്യത്തിനും ഉത്തരം പറയുന്നവള്‍ , പെണ്‍ കുട്ടികളുടെ ലീഡര്‍, നോട്ട് പറഞ്ഞു തരുന്ന സുന്ദരി, നീളന്‍ മുടിയുട ഉടമ, ചോക്ക് കൊണ്ട് ബോര്‍ഡില്‍ പൂക്കളം തീര്‍ക്കുന്നവള്‍.

എന്നാല്‍ എനിയ്ക്കവള്‍ ഒറ്റുകാരിയായിരുന്നു ജിലേബിയ്ക്കും, ചിപ്സിനും, ഏത്തയ്ക്ക പൊരിച്ചതിനും സ്വന്തം മുറച്ചേറുക്കനെ ഒറ്റുകൊടുക്കുന്നവള്‍. കൊന്ത്രപ്പല്ലി, ഇത്ര നാളായിട്ടും തോട് മുറിച്ചു കടക്കാന്‍ വേണ്ടി പാലത്തില്‍ കൂടി മാത്രം പോകുന്നവള്‍, കണ്ണി മാങ്ങയോ, പുളിയോ എറിഞ്ഞു വീഴ്ത്തുമ്പോള്‍ ലജ്ജയില്ലാതെ കൈ നീട്ടുന്ന കൊതിച്ചിപ്പാറു, വയറി....

ഞാനൊന്ന് സൈനൂന്‍റെ തട്ടത്തില്‍ പിടിച്ചു വലിച്ചാലോ, സജീറിനെ ഇടം കാലിട്ട് വീഴ്ത്തിയാലോ, റജുലയെ ചോക്ക് കൊണ്ട് എറിഞ്ഞാലോ അവള്‍ക്കെന്താണ്, എന്തിനാണിവള്‍ അവള്‍ ഇതൊക്കെ എന്‍റെ ഉമ്മാടെ ചെവിയില്‍ കുശുകുശുക്കുന്നത്.

അങ്ങനെ അന്നും അതുണ്ടായി എനിയ്ക്ക് അടി കിട്ടിയ കാര്യം അവള്‍ ഉമ്മാടെ ചെവിയില്‍ മന്ത്രിച്ചു. ഇടവപ്പാതിയില്‍ തിമിര്‍ത്തു പെയ്യുന്ന മഴ പോലെ ഉമ്മാടെ വക ശകാര വര്‍ഷം തുടങ്ങി, തെങ്ങിന്‍ ചോട്ടില്‍ കിടന്ന വെള്ളയ്ക്ക വെറുതെ എടുത്തു ദേഷ്യത്തിന് ഒന്ന് എറിഞ്ഞതാണ് . വലിയ ഒരു ശബ്ദത്തോട് കൂടി മുന്‍ വശത്തെ വരാന്തയിലെ ട്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. എവിടെ നിന്നോ ഒരു സ്റ്റീല്‍ പാത്രം എന്‍റെ മുതുകത്തു വന്നു വീണു എവിടെ നിന്ന് എന്ന് നോക്കുമ്പോഴേയ്ക്കും അടുത്തത് വീണിരുന്നു തൊട്ടു പുറകെ ഒരു ചെരുപ്പും. ഓടുന്നതിന് മുന്നേ ഉമ്മാടെ പിടി കോളറില്‍ വീണു പിന്നെ ഒരു പൂരമായിരുന്നു.

അടി കൊണ്ട് നിന്ന ഞാന്‍ കുതറി ഓടാന്‍ തുടങ്ങിയപ്പോള്‍ എന്നെ പിടിച്ചു കെട്ടാന്‍ അവള്‍ ഷാള്‍ ഊരി കൊടുത്തു സഹായിക്കാന്‍ വന്നിരിക്കുന്നു വന്ജകി.
രണ്ട് കയ്യും കൂട്ടിക്കെട്ടി കാലിലും ഒരു കെട്ടിട്ടു ജനാലിന്‍റെ കമ്പിയില്‍ ഞാന്‍ ഇങ്ങനെ നില്‍ക്കുന്നു, അവള് വന്നു എന്നെ നോക്കി ചിരിച്ചപ്പോള്‍ എന്‍റെ ദേഷ്യം ഇരട്ടിച്ചു, പോടീ തെണ്ടീ..നാറീ...പോടീ ഡീ ഡീ .... എന്‍റെ തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഞാന്‍ വിളിച്ചു.

" അല്ലാഹ് ചെക്കന് ജിന്ന് കൂടിയതാ" ഉമ്മാടെ വക കമെന്‍റ് .കയ്യില്‍ വിറകു കഷണുമായി വിറച്ചു വിറച്ചു നില്‍ക്കയാണ്‌ ഉമ്മ. വീണ്ടും ഞാന്‍ പോടീ വിളി തുടര്‍ന്നു എന്ത് പറഞ്ഞാലും പോടീ പോടീ പോടീ വിളിയുടെ സൌണ്ട് കൂടി വന്നു , വളരെ പെട്ടെന്ന് തന്നെ ഞാന്‍ കയ്യിലേയും കാലിലെയും കെട്ടഴിച്ചു. റബ്ബേ ഇത് ജിന്ന് തന്നെ അല്ലെങ്കില്‍ ഇങ്ങനെ കെട്ടഴിക്കുമോ?? ഉമ്മ ഉറപ്പിച്ചു ചെക്കന് ജിന്നാണ് !!!

നിന്ന നിപ്പില്‍ പിന്നെ ഒരു ഓട്ടമായിരുന്നു. പോകുന്ന പോക്കിന് ഗെയ്റ്റില്‍ ഒരു ചവിട്ടും കൊടുത്തു. ഗെയ്റ്റ് ചെന്ന് ചെടിച്ചട്ടിയില്‍ അടിച്ചിട്ട് അതും പൊട്ടി.
ഇനി ഇവിടെ നിന്നാല്‍ എന്‍റെ ചന്തിയും പൊട്ടും എന്ന് ഒന്ന് കൂടെ ഉറപ്പായി. അമ്പലക്കുളം ആയിരുന്നു ലക്ഷ്യം.
ചാടിച്ചാവണം. മടുത്തു ഈ ലോകം, ഒറ്റു കൊടുക്കുന്ന മുറപ്പെണ്ണ്, തല്ലിക്കൊല്ലുന്ന ഉമ്മ, ഓടുന്ന വഴിയില്‍ ഓട്ടോ സ്ടാണ്ടിലെ ചേട്ടന്മാരൊക്കെ നോക്കുന്നുണ്ട്, പെട്ടിക്കടയിലെ പൂച്ചക്കണ്ണന്‍ ഉപ്പുപ്പയും കണ്ടു, ഒന്നും നോക്കിയില്ല ഓട്ടം തന്നെ ഓട്ടം. പച്ച നിറമുള്ള കുളത്തിന് അടുത്തെത്തിയപ്പോള്‍ അവിടെ നിറയെ ആളുകള്‍. പെട്ടെന്ന് മനസ്സില്‍ ഒരു ചിന്ത, ഞാന്‍ എന്തിനു ചാടി ചാവണം അവളെയല്ലേ കുളത്തില്‍ ഇടേണ്ടത് ?

ചിന്തിച്ചു നില്‍ക്കുന്ന സമയത്ത് പരിചയമുള്ള ആരോ രണ്ട് പേര്‍ അടുത്തേയ്ക്ക് വരുന്നു, മൂത്തുമ്മയും മൂത്താപ്പയും ആണ് , പിന്നെ ഞാന്‍ നിലം തൊടാതെ ആണ് അവിടെ നിന്നും പോയത്, കാരണം രണ്ട് കയ്യിലുമായി അവര്‍ എന്നെ തൂക്കി എടുത്തു കഴിഞ്ഞിരുന്നു.

മൂത്തുമ്മയുടെ മുടിയില്‍ തിരുകി വെച്ചിരുന്ന ചീര്‍പ്പ് ഞാന്‍ പറിച്ചെടുത്തു, കൈ കാലിട്ടടിച്ച്‌ നോക്കി ഒരു രക്ഷയുമില്ല. വീണ്ടും എല്ലാവരുടെയും മുന്നില്‍ ഞാന്‍ "ജിന്നായി " നിന്നു . അപ്പോഴും പോടീ വിളി തുടര്‍ന്നു കൊണ്ടേയിരുന്നു. വാപ്പ വന്നതിനു ശേഷം ജിലേബിയും ചുവന്ന പഴവും ബിസ്ക്കറ്റും തന്നു.എന്നെ സമാദാനിപ്പിച്ചു.

പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഉമ്മാടെ വക ഒരു കറുത്ത ചരട് എന്‍റെ കൈ തണ്ടയില്‍.രാവിലെ ചായയില്‍ ഹോര്‍ലിക്ക്സ് .
പഠിക്കാന്‍ പോകുന്ന വഴിയില്‍ ഒരു പിടി കപ്പലണ്ടി എനിക്ക് നീട്ടിയിട്ട്‌ മുറപ്പെണ്ണ് " ഇന്നാ ഇത് നീ എടുത്തോ".
വൈകുന്നേരം ചായയും കുടിച്ചു അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്ന എന്നെ നോക്കി ഉമ്മ " അവന്‍റെ ജിന്നൊക്കെ പോയി ഇപ്പൊ നല്ല കുട്ടിയാ ".

അടുത്ത ജിലേബി മനസ്സില്‍ കണ്ടു കൊണ്ട് ഞാന്‍ ഉമ്മാനോട് അല്‍പ്പം ഒട്ടി നിന്നു. പ്രതീക്ഷിച്ച പോലെ ഒന്നിന് പകരം രണ്ട് ജിലേബി കയ്യിലേയ്ക്കു വെച്ച് തന്നു.
അങ്ങനെ ജിന്നിന് സ്തുതി പറഞ്ഞു കൊണ്ട് ഞാന്‍ ജിലേബി വായിലേയ്ക്കിട്ടു ചവച്ചരച്ചു തിന്നു.
 
Sunday, November 20, 2011

ഡിസംബര്‍

മഞ്ഞു പെയ്യും ഡിസംബര്‍,
നിനക്കോര്‍മ്മയുണ്ടോ ?
അന്നൊരു പുലരിയില്‍
ഇടതൂര്‍ന്നു നില്‍ക്കുന്ന
കാറ്റാടി മരങ്ങള്‍ക്കിടയിലൂടെ
നീ പെയ്തിറങ്ങിയത്?

ഇരുണ്ട നിറമുള്ള കമ്പിളിചൂടി,
തലയില്‍ നാണത്തിന്‍ തൊപ്പി ചാര്‍ത്തി,
മിഴികളില്‍ പ്രണയം കാത്ത് സൂക്ഷിച്ചു
ഹൃദയങ്ങള്‍ തമ്മില്‍ കൈകോര്‍ത്തു
ഞങ്ങള്‍ ഒരുമിച്ചു നടന്നത് ?.

നീ കുളിരണിയിച്ച മരച്ചോട്ടില്‍,
മഞ്ഞിന്‍ മുത്തുകള്‍ കൊണ്ടലങ്കരിച്ച
നീല നിറമുള്ള ആ നീളന്‍ ബന്ജില്‍
നിമിഷങ്ങള്‍ യുഗങ്ങളാക്കി
ഇമ വെട്ടാതെ ഞങ്ങള്‍ നോക്കിയിരുന്നത് ?

നീ പൊഴിയിച്ച ഓരോമഞ്ഞു കണവും
മൂളിയ ഈരടിയിലന്നു കുളിരൂറും
പ്രണയത്തിന്‍ ഈണമായിരുന്നു .

ചൂളം വിളിച്ചു പായുന്ന തീവണ്ടിയിലെ
തണുത്ത ജനാലയ്ക്കരുകിലിരുന്നു
ഞാനിന്നു കണ്ടു, ആ മഞ്ഞു വീണ
പാതയിലൂടെ കൈകോര്‍ത്തു
നീങ്ങുന്ന രണ്ടു പേരെ.

പറയൂ പ്രിയ ഡിസംബര്‍,
ഓര്‍മ്മയുണ്ടോ നിനക്ക്
പ്രണയം പെയ്തിറങ്ങിയ
ആ പുലരി .....

Sunday, November 13, 2011

കൊലപാതകം !!!

ചില സത്യങ്ങള്‍ വെളിപ്പെടുത്താന്‍ കാലങ്ങള്‍ കുറച്ച് കഴിയേണ്ടി വരും എന്നുള്ളത് പരമമായ ഒരു സത്യം തന്നെയാണ്.

പതിവ് പോലെ അന്നും അമ്മയുടെ കയ്യീന്ന് കുറെ വാങ്ങിക്കൂട്ടി,
അടി വാങ്ങി കൂട്ടിയില്ലെങ്കില്‍ പിന്നെ എന്തോന്ന് ആണ്‍കുട്ടികള്‍ എന്ന ചിന്ത എനിക്ക് പണ്ടേ ഉണ്ടായിരുന്നു. പക്ഷേ അടി വാങ്ങുന്നെവെങ്കില്‍ വീടിനു അകത്തു നിന്ന് വാങ്ങണം അല്ലാതെ പുറത്തു വെച്ചോ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചോ അടി വാങ്ങരുത് എന്ന കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു പോന്നു.

വേലിക്കെട്ടിന് അകത്തു  വെച്ച് തന്നെ തവിയോ കുറ്റിച്ചൂലോ കൊണ്ട് എറിഞ്ഞു  വീഴ്ത്താന്‍ അമ്മയും പഠിച്ചിരിക്കുന്നു. അമ്പേയ്ത്തില്‍ ഇന്ത്യക്കാര്‍ എന്ത് കൊണ്ട് എപ്പോഴും വിജയിക്കുന്നു എന്ന കാര്യത്തില്‍ ഒട്ടുംതന്നെ അതിശയോക്തി ഇല്ലാതാക്കുന്ന ഒരു സംഗതിയാണ് അമ്മമാരുടെ ഈ ഏറിന്‍റെ  ഉന്നം. അതിപ്പോള്‍ തവി ആയാലും ശരി ചൂലായാലും ശരി, മൊന്ത ആയാലും, എന്തിന് ഒമ്ലെറ്റ് അടിക്കാന്‍ വെച്ചിരിക്കുന്ന മൊട്ട അയാളും ശരി കിറുകൃത്യം ആയിരിക്കും ഉന്നം.

എന്നാല്‍ വില്ലാളി വീരന്‍മാരായാ ചുണക്കുട്ടികള്‍ കുറച്ച് നാള്‍ ഈ ഏറ്‌  ഏറ്റുവാങ്ങും എന്നിട്ട് വളഞ്ഞു പുളഞ്ഞു ഓടാന്‍ പഠിക്കും.എങ്കിലും ഓടുന്ന കുട്ടിക്ക് ഒരു മുഴം മുന്‍പേ നോവാതെ എറിയാന്‍ അമ്മമാര്‍ വളരെ വേഗത്തില്‍ തന്നെ പഠിച്ചെടുക്കും എന്നുള്ളത് മറ്റൊരു സത്യം.

കുഞ്ഞമ്മയുടെ മകനാണ് ഇടിയുണ്ടാക്കിയത് ഞാന്‍ അവനെ പിടിച്ചു മാറ്റുന്നതിന് ഇടയ്ക്കാണ് മറ്റവന്‍റെ പല്ല് പോയത് അല്ലാതെ ഞാന്‍ ഇടിച്ചിട്ടോ തോഴിച്ചിട്ടോ ഇല്ല. സാദാരണ ഗതിക്കു രണ്ടു പേര്‍ ഇടി കൂടുമ്പോള്‍ കൈകൊട്ടി ചിരിയ്ക്കുകയാണ് പതിവ്. ഇതിപ്പോള്‍ ഇന്നലെ കണ്ട സ്വപ്നത്തെ മുന്‍ നിര്‍ത്തി നന്നാവാന്‍ തീരുമാനിച്ചത് കൊണ്ട് മാത്രമാണ് പിടിച്ചു മാറ്റാന്‍ ചെന്നത്. എന്നിട്ടും കുഞ്ഞമ്മ കണ്ടപ്പോള്‍ ഞാന്‍ കുറ്റക്കാരനായി. അടി മൊത്തം എനിയ്ക്ക്.
ചെയ്യാത്ത കുറ്റത്തിന് അടിയും വാങ്ങി, നന്നാവാന്‍ വേണ്ടി കയ്യില്‍ കെട്ടിയ  ചരടും വലിച്ചു പൊട്ടിച്ചു നടന്ന എന്‍റെ അരിശം നിമിഷം ചെല്ലുംതോറും കൂടിക്കൂടി വരികയാണ് ചെയ്തത്.

പല്ല് പോയവന്‍റെ  വീട്ടില്‍ പോയി അവനു രണ്ടു കൊടുക്കാമെന്നു വെച്ചാല്‍ അവന്‍റെ അച്ഛന്‍ ഇപ്പോള്‍ വീട്ടില്‍ കാണും, കുഞ്ഞമ്മയുടെ മകന്‍ എന്‍റെ കയ്യിന്നു ഇടി വാങ്ങുമെന്ന് പേടിച്ചു നമ്പര്‍ വണ്ണിനു പോലും വീടിനു വെളിയില്‍ ഇറങ്ങാതെ ജന്നലില്‍ തൂങ്ങി നിന്നാണ് സാധിച്ചത് .
അരിശം മാറാതെ കണ്ട ചെടികളൊക്കെ ചവുട്ടി മെതിച്ച ഞാന്‍ അങ്ങനെ കുറെ നേരം നടന്നു.

പിറ്റേന്ന് രാവിലെ അപ്പുറത്തെ പറമ്പിലെ പൊട്ടക്കിണറ്റില്‍ ഒരു ശവം പൊങ്ങി.ആഴമുള്ള കിണറ്റില്‍ കൈകാലുകള്‍ നീട്ടി, മരവിച്ച ഒരു ശവം.

അതെ, കുഞ്ഞമ്മയുടെ വീട്ടിലെ  ആ ചെവിയന്‍ പട്ടി !!!
 
Tuesday, October 25, 2011

To: ദൈവത്തിന്

പിറക്കരുതിനിയൊരു
മകളുമിവിടെയൊരു
ബ്ലോഗിന് ത്രെഡായിടാന്‍.
പൊഴിയരുതിനിയൊരു
ജീവനുമിവിടെ
പാളത്തില്‍
ലൈക്കിനും,കമന്‍റിനും
വ്യര്‍ത്ഥമാം
ആദരാഞ്ജലികള്‍ക്കും !!!
 
Sunday, October 23, 2011

പകരത്തിന് പകരം

സുന്ദരി മിഴിയുള്ള
ചന്ദന നിറമുള്ള
മൈലാന്ജിക്കയ്യുള്ള പെണ്ണേ ,
എന്‍റെ ചാമ്പയ്ക്ക നിറഞ്ഞുള്ള
പോക്കറ്റ് കണ്ടു നീ
കണ്ണിറുക്കിയതല്ലേ.
മന്ജാടി തന്നാലും
മഷിത്തണ്ട് തന്നാലും
മാവില കൊണ്ടുള്ള
മാല നീ കോര്‍ത്താലും
ചാമ്പയ്ക്ക കിട്ടില്ല പെണ്ണേ.
മണിമുത്തം മാരന്
മധുരിയ്ക്കും ചുണ്ടാല്‍
മടിയ്ക്കാതെ താന്നാല്‍...
മലയോളം തന്നീടാം
ചാമ്പയ്ക്ക !!!
 
Saturday, October 22, 2011

നിങ്ങളെപ്പോലെ ഞാനും

എന്‍റെ രക്തം കുടിച്ചു
വളരുന്ന മൂട്ടകളെന്നെ
വേദനിപ്പിക്കാതെ
കടിക്കാന്‍ പഠിച്ചിരിക്കുന്നു,
ദോശയും ചമ്മന്തിയും
സ്വപ്നം കണ്ടു
ബ്രെഡും ജാമും
ചവയ്ക്കാന്‍ ഞാനും.

കാതുകള്‍ കേള്‍ക്കാതെ
ബോസ്സിനെ തെറി വിളിക്കാനും,
ഗാന്ധിജിയെ പിന്‍പറ്റി
വെള്ളക്കാരോട് പൊറുക്കാനും
ഞാന്‍ പ്രാപ്തനായിരിക്കുന്നു.

മഴയെ സ്ക്രീന്‍ സേവറാക്കി
വെയിലത്ത്‌ നടക്കുകയും
വേദനയിലും പുന്ജിരിക്കാനും
ഞാന്‍ പഠിച്ചിരിക്കുന്നു.
പാല്‍പ്പൊടിയും, ബദാമും
നാട്ടിലയയ്ക്കുമ്പോളെനിയ്ക്കായി   
തിളയ്ക്കുന്നു സുലൈമാനി.
അതെ ഞാനൊരു തികഞ്ഞ
പ്രവാസിയായിരിക്കുന്നു.
 
Wednesday, October 12, 2011

ഗാന്ധി ജയന്തി

ജനാലകള്‍ക്കപ്പുറത്ത്, 
ചപ്പുചവറുകള്‍ക്ക്
മോക്ഷം കിട്ടും ദിനം.

ചൂരലിന്‍ സ്ഥാനത്
ടീച്ചറിന്‍ കയ്യില്‍ തവി.
കഞ്ഞിക്കു പകരം
ശര്‍ക്കരപ്പായസം.   

വട്ടയില പൊട്ടിക്കാന്‍
കുട്ടേട്ടന്‍റെ പറമ്പില്‍ 
ഞാനും നീയും.

കറുത്ത ബോര്‍ഡില്‍
നിറമുള്ള ചോക്കിനാല്‍
എഴുതിച്ചേര്‍ത്തു
ഒക്ടോബര്‍ രണ്ട്
" ഗാന്ധി ജയന്തി ".

വിളക്ക് മരം

തണുത്ത കാറ്റുമായിരുട്ട്
ഭൂമിയിലെയ്ക്കിറങ്ങുമ്പോള്‍
നിനക്ക് വെളിച്ചമേകാനായ് നില്‍പ്പൂ
ഞാന്‍ മരവിച്ച മനസ്സുമായി.

പണ്ട് ഞാന്‍ കണ്ടു നിങ്ങള്‍തന്‍
കോര്‍ത്ത്‌ പിടിച്ച കയ്യും
ചേര്‍ത്ത് പിടിച്ച കുടയും
നേര്‍ത്ത മൊഴികളും
ഇണക്കവും പിണക്കവും.
ഇന്ന്,തോളിലെ കുഞ്ഞും
കയ്യിലെ ബാഗും നിങ്ങളിലെന്തേ
അകലം സൃഷ്ട്ടിച്ചു.?

നനയിച്ച മഴയെ ശകാരിച്ചോരമമ
വാരിപ്പുതച്ചുണ്ണിയെ സാരിത്തുമ്പിനാല്‍.
ഇല്ലയെനിക്കാരുമങ്ങനെയൊരു
വാത്സല്യത്തിന്‍ കുടപിടിക്കാന്‍.
നനയണം ഞാനേകനായ്.
മഴയും വെയിലുമിങ്ങനെ നിത്യേനെ.

അയലത്തെ മാവിലെ,പുതിയ കൂട്ടിലെ
കുഞ്ഞുകിളി ഇന്നോരമ്മയായി
ഭൂമിയ്ക്ക് വീണ്ടുമോരമ്മ.

എനിയ്ക്ക്‌ സ്നേഹത്തിന്‍
മറ്റൊരു കാഴ്ച കൂടി.
 
നാണയം

 നീ...
1.  നീ
എന്‍റെ സ്നേഹം നിന്‍റെ
ഹൃദയം കയ്യടക്കിയപ്പോള്‍
നീയെന്‍റെ കാമുകി.
എന്‍റെ താലി നിന്‍റെ
കഴുത്തില്‍ കയറിയപ്പോള്‍
നീയെന്‍റെ ഭാര്യ.
എന്‍റെ കുഞ്ഞിനു
ജന്മം നല്‍കുമ്പോള്‍
നീയൊരു അമ്മ.
എന്‍റെ മരണത്തില്‍
തളര്‍ന്നു വീഴുമ്പോള്‍
നീയെന്‍റെ വിധവ.
2. നീ
എന്‍റെ പ്രണയം നിന്നിലലിഞ്ഞപ്പോള്‍
നീയെന്‍റെ കാമുകന്‍.
എന്‍റെ പേരിന്‍റെ തുമ്പത്ത്
നിന്‍റെ പേര് ചേര്‍ക്കുമ്പോള്‍
നീയെന്‍റെ ഭര്‍ത്താവ്.
എന്‍റെ കുഞ്ഞിന്‍ വിശപ്പുമാറ്റാന്‍
നിന്‍റെ കൈകള്‍ വിയര്‍ക്കുമ്പോള്‍
നീയൊരു അച്ഛന്‍.
എന്‍റെ ശവകുടീരത്തിലെ
ചെടി നനയ്ക്കുമ്പോള്‍
നീയെന്‍റെ വിധുരന്‍.
 
പഴുത്ത ഇലകള്‍  
1.
നരച്ച താടി,
മുറിച്ച നഖം,
ഉന്തിയ എല്ലുകള്‍.
മുഖത്തെ നിറഞ്ഞ ചിരിയില്‍,
പാട്ടുപാടുന്ന മഴയില്‍
പൈക്കിടാവിനെക്കെട്ടുന്ന
സഹധര്‍മ്മിണി.
മുന്നില്‍, മരുമകള്‍ പകര്‍ന്ന
പൊടിയരിക്കഞ്ഞിയില്‍
ഇഴുകിച്ചേര്‍ന്ന് ചെറുപറയര്‍.

2.
മുതുകത്ത് കിടന്ന പാടുകള്‍,
വലിഞ്ഞ പേശികള്‍.
മേശമേല്‍ ഒഴിഞ്ഞ
മരുന്ന് കുപ്പികള്‍.
വെളുത്ത മുഖത്ത്,
കറുത്തിരുണ്ട മേഘം.
ശീതികരിച്ച മുറിയില്‍
ഇരുണ്ട വെട്ടം .
ചുമരിലെ ക്ലോക്കില്‍
മരണവും കാത്ത് കിടപ്പൂ
ഏകനായി മറ്റൊരച്ചന്‍.

Wednesday, September 21, 2011

അന്നം

"ആ" തുറക്കുണ്ണീ ചേച്ചീടെ
പോന്നുമോനോരുള കൂടി.

കത്തിപ്പടര്‍ന്ന ഉദരത്തിന്‍ ജ്വാലകള്‍
ചുണ്ടിനാലോതുക്കിക്കൊണ്ടവള്‍
കുഞ്ഞനുജനോടോതി
"ആ" തുറക്കുണ്ണീ ചേച്ചീടെ
ചക്കരയ്ക്കൊരുരുള കൂടി.

വെള്ളരിച്ചോറിലെ ഉണങ്ങിയ കറിയവള്‍
കുഞ്ഞിളം കയ്യാല്‍ കുഴച്ചെടുത്തു
കഷ്ട്ടിയൊരു പിടിയവള്‍ക്കായി മിച്ചം.

മഞ്ഞ നിറമുള്ള മയക്കും മണമുള്ള
ബിരിയാണിയവള്‍ക്കൊര്‍മ്മയുണ്ട്
പണ്ടച്ചനവള്‍ക്കൊരു പൊതി കൊടുത്തത്.

വിരലുകള്‍ നക്കിയവള്‍ മൌനമായി കേണു
ദൈവമേ കൊച്ചമ്മയുടെ പാചകം തെറ്റണേ
മുറ തെറ്റിടാതെ !!!

പച്ചപ്പട്ടുടുത്ത സുന്ദരി

നിലാവിന്‍റെ നീല വെളിച്ചത്തില്‍ പെയ്തിറങ്ങിയ മഞ്ഞു കണങ്ങള്‍ ചാഞ്ഞിരുന്ന് ഊഞ്ഞാലാടുന്ന പുല്‍നാമ്പുകളെ ചവുട്ടി മെതിച്ചു കൊണ്ട്, വളര്‍ന്നു നില്‍ക്കുന്ന തമ്പോരു മാവിന്‍റെ ചുവട്ടിലൂടെ നടന്ന്, മുള്ള് വേലി കെട്ടിയ ഇടവഴിയിലൂടെ ചെങ്കല്ല് നിറഞ്ഞ റോഡിനു സൈഡില്‍ കൂടെ തൊട്ടാവാടിച്ചെടിയുടെ ഇലകള്‍ തൂക്കുപാത്രം കൊണ്ട് തട്ടിയുറക്കി, അതിന്‍റെ വയലറ്റ് നിറമുള്ള പൂവിനെ നോക്കിച്ചിരിച്ചു കൊണ്ട് റോഡിനു അപ്പുറത്ത് കൂടെ നടക്കുന്ന കളിക്കൂട്ടുകാരിയെ നോക്കി "ഞാനാദ്യം" എന്ന് പറഞ്ഞു പാല് വാങ്ങാനായി സോസൈറ്റിയിലെയ്ക്കു ഓടുന്നത് ഒരു പതിവ് ഏര്‍പ്പാട് തന്നെയായിരുന്നു.

എത്ര നേരത്തെ പോയാലും പോകുന്ന വഴിക്ക് ഓല മേഞ്ഞ ആ കുടിലിനു മുന്നില്‍ പണിക്കത്തി ഇരുന്നു ഓല മെടയുന്നുണ്ടാവും. എന്ത് സ്പീടിലാണ് അവര്‍ ഓലയുടെ ഈര്‍ക്കിലുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വളച്ചും പുളച്ചും കോര്‍ത്ത്‌ വെയ്ക്കുന്നത്." അങ്ങോട്ട്‌ പട്ടി കാണും മക്കളേ ആശാന്‍റെ പറമ്പിലൂടെ പോ" എന്ന് ഞങ്ങളോട് പറയുന്ന പണിക്കത്തി സ്നേഹത്തിന്‍റെ നിറകുടമായിരുന്നു.

തേങ്ങയിടാനായി വരുന്ന കറുത്ത കരുത്തനായ തങ്കച്ചന്‍ മൂപ്പരെയല്ലാതെ എന്‍റെ ഗ്രാമത്തില്‍ വേറെ ഒരു മൂപ്പരേയും എനിയ്ക്കറിയില്ലായിരുന്നു. മൂപ്പരെ പോലെ തന്നെയായിരുന്നു മൂപ്പരുടെ വലിയ വീതിയുള്ള കത്താളും നന്നേ കറുത്ത നിറം. അതിന്‍റെ മൂര്‍ച്ചയുള്ള ഭാഗത്തിന് മാത്രം പശക്കൊട്ടയിട്ട് പതപ്പിച്ച വെള്ളത്തില്‍ കഴുകി മിനുക്കിയെടുക്കുന്ന അനിയത്തിയുടെ വെള്ളിക്കൊലുസിന്‍റെ നിറമായിരുന്നു. തേങ്ങയിടീല്‍ കഴിയുമ്പോള്‍ പറമ്പില്‍ വെട്ടിയിട്ട തേങ്ങ പറക്കിക്കൂട്ടിക്കഴിഞ്ഞാല്‍ പിന്നത്തെ പണി ഓല വലിച്ചു കൊണ്ട് വരല്‍ ആണ് . കൂട്ടിയിട്ട രണ്ടും മൂന്നും ഓലമാടലുകള്‍ക്ക് മുകളില്‍ കയറി ഇരിക്കുമ്പോള്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഓലയും അതിനു മുകളില്‍ ഇരിക്കുന്ന എന്നെയും വലിച്ചു കുളിപ്പുരയുടെ അടുത്ത് വരെ കൊണ്ട് വന്നിടും.

താഴെ കൂട്ടത്തിലെ വളവിലെ വലിയ പുരയിടം കഴിഞ്ഞാല്‍ പിന്നെ തോടായി. തോട്ടിലെ വെള്ളത്തില്‍ കാലു നനച്ചു പാലത്തില്‍ കയറാതെ അക്കരെ കടക്കുന്ന സുഖം ഒന്ന് വേറെ തന്നെ. മാനത്ത് കണ്ണികള്‍ കൂട്ടത്തോടെ മിന്നിമറയുന്ന തോട്ടില്‍ അവര്‍ക്ക് എന്നും സൌക്യം എന്ന് തന്നെ വേണം കരുതാന്‍. കൊയ്ത്തൊഴിഞ്ഞ പാടത്തെ എറിപ്പന്തു കളിയൊക്കെ കഴിഞ്ഞു വന്ന് ഒഴുക്ക് വെള്ളത്തില്‍ കാലു പൂഴ്ത്തി വെയ്ക്കുമ്പോള്‍ കിട്ടുന്ന തണുപ്പ്, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഞരമ്പുകളില്‍ കൂടി ഹൃദയത്തിന്‍റെ അറകളില്‍ സ്ഥാനം പിടിക്കുന്നത് കൊണ്ടാവാം വര്‍ഷങ്ങള്‍ എത്ര തന്നെ കഴിഞ്ഞാലും ഓര്‍മകളില്‍ പോലും ആ കുളിര് അങ്ങനെ തന്നെ നില നില്‍ക്കുന്നത് .

പല്ല് വേദന വന്നാലും കാലു വേദന വന്നാലും ചെവി വേദന വന്നാലും അമ്മുമ്മയ്ക്ക് അറിയാവുന്ന ഒറ്റമൂലി എന്നും ധന്വന്തരം തന്നെയായിരുന്നു. അങ്ങാടിക്കടയിലെ അപ്പൂപ്പന്‍താടി പോലത്തെ മുടിയുള്ള അമ്മാവന് എന്തായിരുന്നു ഒരു പത്രാസ്.

ജീവിതത്തിലാദ്യമായി നിലക്കടല പറിച്ചു പച്ചയ്ക്ക് തിന്നു തുപ്പിക്കളഞ്ഞതും, തത്തമ്മയുടെ കടിയേറ്റു കൈ മുറിഞ്ഞതും, ആമ്പലിന്റെ ഉള്ളിലെ അല്ലി കഴിച്ചതും, ആഗ്രഹം തോന്നുമ്പോള്‍ പട്ടമുണ്ടാക്കി പറത്താനും, വെയിലത്ത്‌ കളിച്ചു തളര്‍ന്നു മാവിന്‍റെ ചോട്ടില്‍ കിടക്കുമ്പോള്‍ മരംചാടിക്കളിക്കുന്ന അണ്ണാനോട് ഒരു മാമ്പഴം ചോദിക്കാനും , കൂട്ടുകാരന്റെ വീട്ടിലെ ചാമ്പയ്ക്കയും, എന്‍റെ വീട്ടിലെ മാങ്ങയും അവന്‍റെ ഉപ്പും മുളകും ചുവന്നുള്ളിയും ചേര്‍ത്ത് കഴിച്ചു വയറു വീര്‍ത്തു നടക്കാനും ഭാഗ്യം ചെയ്ത എന്‍റെ ഗ്രാമജീവിതം അന്നും ഇന്നും എന്നും, പുതുതായി താമസം മാറി വന്ന വീട്ടിലെ കണ്ണെഴുതിയ കൊച്ചിനേക്കാള്‍ സുന്ദരി തന്നെയാണ് !!!.

തോട്ടിലെ ഒഴുക്കിനോടൊപ്പം ഒഴുകി മാറിയ കാലം എന്‍റെ കുടുംബത്തെയും ഒരു വന്ജിയില്‍ കയറ്റി നഗരത്തിലേയ്ക്ക് എടുത്തെറിഞ്ഞു. വല്ലപ്പോഴും മാത്രം തിരികെ പോയി എന്‍റെ നഷ്ട്ടങ്ങളെ താലോലിക്കാനുള്ള അവസരങ്ങള്‍ ഒരിക്കലും പാഴാക്കുകയില്ലായിരുന്നു. ഇന്നും എന്‍റെ ഗ്രാമത്തിനു ധന്വന്തരത്തിന്‍റെയും , മൈസൂര്‍ സാണ്ടലിന്‍റെയും, പിച്ചിയുടെയും , ജമന്തിയുടെയും, മുല്ലയുടെയം ഒക്കെ മണമാണ്.

Tuesday, September 13, 2011

ചുവന്ന തെരുവ്

നിറം മങ്ങിയ ചേലകള്‍ ചുറ്റി
വിളറി വെളുത്ത മുഖങ്ങളില്‍ ചായം പുരട്ടി,
ചുണ്ടില്‍ മയക്കും ചെറു പുന്ജിരി തൂകി
തലവര മറയ്ക്കാന്‍ പൂവുകള്‍ ചൂടി
കത്തുന്ന വയറുമായി,
ഉടഞ്ഞു കുഴഞ്ഞ ഉടലോടെ
മാടി വിളിക്കുമ്പോളവരുടെ
ഹൃദയത്തില്‍ പൂക്കുന്നത്
കാമത്തിന്‍ ചുവന്ന പൂവല്ല,
ഉദരത്തില്‍ കറുത്ത വിശപ്പ്‌ മാറാനുള്ള
വെളുത്ത പൂവുകള്‍.

Monday, August 22, 2011

നിസാമുദ്ധീനും കൊക്കോ പഴവും...

അവന്‍ എന്നെക്കാള്‍ നന്നേ കറുത്തവനും പൊക്കക്കാരനുമാണ് . ഇടത്തെ കാലിനു അല്പം വളവുണ്ടെങ്കിലും അവനു വേഗത്തില്‍ ഓടാന്‍ കഴിയും. അവന്‍റെ കൈ വിരലുകള്‍ എന്‍റെ കാല്‍ വിരലുകലെക്കാള്‍ വലുതാണ്‌. ദേഷ്യമാണ് അവന്‍റെ മുഖ ഭാവം.

അവന്‍റെ വീടിന്‍റെ ഇടത്തേ മൂലയിലായി ഒരു വലിയ പുളിമരമുണ്ട്‌. അതിന്‍റെ ഇലകള്‍ പൊഴിഞ്ഞു വീണ് കൂടുമ്പോള്‍ അവന്‍റെ ഉമ്മ അതെല്ലാം തൂത്ത് കൂട്ടി തീയിടുക വീട്ടിലെ അലക്ക് കല്ലില്‍ കയറി നിന്ന് ലോകം കാണുന്ന എന്‍റെ പതിവ് കാഴ്ചയാണ് . അവന്‍റെ ഉമ്മ ഉണ്ടാക്കുന്ന മീന്‍ കറിക്ക് നല്ല മണമാണ്. ഇടയ്ക്കൊക്കെ അവിടുന്ന് മീന്‍ കറിയും കപ്പ പുഴുങ്ങിയതുമൊക്കെ മതിലിനു മുകളില്‍ കൂടെ ഇങ്ങോട്ടും, ഒറട്ടിയും കറിയുമൊക്കെ അങ്ങോട്ടും കൈമാറ്റം ചെയ്യുമായിരുന്നു.

ഇടവഴി കഴിഞ്ഞു ചെന്ന് കേറുന്നത് ചെങ്കല്ല് നിറഞ്ഞ സ്കൂളിലേയ്ക്കുള്ള വഴിയിലാണ്. എന്നും അവന്‍ എന്നെക്കാള്‍ മുന്നേ നടക്കുന്നുണ്ടാവും, മദ്രസയിലെ കാര്യങ്ങളിലും അവനു എന്നെക്കാള്‍ ഗ്രാഹ്യം ഉണ്ട്. പക്ഷെ അവനു എന്നോട് കൂട്ട് കൂടാന്‍ എന്തോ ഒരു ഇത്. ഒന്ന് രണ്ടു വട്ടം ഞാന്‍ നോക്കി ചിരിച്ചിരുന്നു പക്ഷേ അവന്‍റെ മുഖത്ത് അതേ ദേഷ്യം തന്നെ ദേഷ്യം. പോട്ട് പുല്ലു എന്ന് ഞാനും കരുതി നമുക്കാണോ കൂട്ട് കിട്ടാന്‍ പ്രയാസം.

സകലമാന പെണ്‍പിള്ളീരും എന്‍റെ വീട്ടില്‍ ഒത്തു കൂടി മൈലാഞ്ചി ഇടലും ഊഞ്ഞാലാട്ടവും ബഹളം തന്നെ ബഹളം.എന്‍റെ അനിയത്തിക്ക് മൈലാഞ്ചി കൂടപ്പിറപ്പായ എന്നെക്കാള്‍ പ്രിയമാണെന്ന് തോന്നിയിട്ടുണ്ട്. ഒരു കുഞ്ഞി ഈര്‍ക്കിലില്‍ മൈലാഞ്ചി തോണ്ടി എടുത്തു അത് കൊണ്ട് കൈവെള്ളയില്‍ തീര്‍ക്കുന്ന ശലഭങ്ങളും അഴകേറുന്ന ഡിസൈനുകളും ഇടയ്ക്കൊക്കെ ഞാന്‍ ഇടം കണ്ണിട്ടു നോക്കാറുണ്ട്. എന്‍റെ കൈകള്‍ക്ക് ഭാഗ്യമില്ലായിരുന്നു അത് പോലെ മൈലാഞ്ചി ഇടാന്‍ അതിനാല്‍ ഉള്ളം കയ്യില്‍ കുറച്ചു മൈലാഞ്ചി എടുത്തു പൊത്തിതരും, ആണ്‍ പിള്ളീര്‍ക്ക് അത്രയൊക്കെ മതിയത്രെ. പെണ്ണായി പിറന്നിരുന്നെങ്കില്‍ കൈ നിറയെ മൈലാഞ്ചി ഇടാമായിരുന്നു...ചിന്തകളെ കാട്ടിലേയ്ക്ക് മേയാന്‍ വിട്ടു ഞാന്‍ അങ്ങനെ കറങ്ങി നടക്കും .

വീടിന്‍റെ അടുത്ത് എന്‍റെ സമ പ്രായത്തിലുള്ള ആണ്‍ കുട്ടികള്‍ നന്നേ കുറവ്. അതിനു പകരം ഓരോ വീട്ടിലും രണ്ടും മൂന്നും പെണ്‍പിള്ളേര്‍. എനിക്കറിയാവുന്ന ആകെ ഒരാള്‍ നിസാമുദീന്‍ ആണ് അവന്‍ ആണെങ്കില്‍ എന്നോട് കൂട്ടും അല്ല. കൂടുതല്‍ സമയവും വീടിനു പുറകു വശം വരെ പോയി അപ്പുറത്ത് നില്‍ക്കുന്ന കൊക്കോ മരത്തിലേയ്ക്കു നോക്കി തിരിച്ചു വന്നു ചായ്പ്പിലെയ്ക്ക് ചാഞ്ഞു കിടക്കുന്ന ആ വലിയ മുരിങ്ങയില്‍ അള്ളിപ്പിടിച്ചു കേറും. ഈര്‍ക്കില് കൊണ്ട് അതില്‍ ഇരിക്കുന്ന കാക്കപ്പൊന്ന് കുത്തി ഇളക്കി രസിക്കും അപ്പോഴും മനസില്‍ മൈലാഞ്ചി തന്നെ ആയിരിക്കും.

അടുത്ത ക്ലാസ്സിലെ റാസിയുമായി ഇടികൂടിയപ്പോളാണ് അവന്‍ എന്‍റെ കൊങ്ങയ്ക്ക് പിടിച്ചത്. കോളറില്‍ മുറുകെ പിടിച്ചപ്പോള്‍ തൊണ്ട വേദനിച്ചു കണ്ണില്‍ നിന്നും വെള്ളം വന്നെങ്കിലും കരഞ്ഞില്ല. അവനെ തെള്ളി മാറ്റി പിടിച്ചു നിന്നു പക്ഷെ ഇപ്പോള്‍ അനങ്ങാന്‍ വയ്യ. അവന്‍ എന്നെക്കാള്‍ ജിം ആണ്. വിട്രാ... വിട്രാ... എന്ന് മുരണ്ടു കൊണ്ട് നില്‍ക്കുന്നതിനു ഇടയിലാണ് ഞാന്‍ കണ്ടത് അവന്‍റെ കണ്ണും തെള്ളുന്നു. ഒരു കറുത്ത കൈ അവന്‍റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചിരിക്കുന്നു. ഒന്ന് കുടഞ്ഞു കൊണ്ട് ആ കൈകള്‍ റാസിയെ പൊക്കിയെടുത്തു വരാന്തയിക്ക് പുറത്തേയ്ക്കിട്ടു. അതിനിടയ്ക്ക് തന്നെ ഞാന്‍ കഴുത്തില്‍ നിന്നുള്ള അവന്‍റെ പിടി വിടിവിച്ചിരുന്നു.

ആ കറുത്ത കൈകളുടെ ഉടന നിസാമുദീന്‍ ആയിരുന്നു. വീഴ്ചയില്‍ നിന്നും എഴുന്നേറ്റ് അലറിക്കൊണ്ട്‌ വന്ന റാസിയുടെ തോളില്‍ കൈ വീശി നിസാമുധീന്റെ ഒരിടി കൂടെ , ചരട് പൊട്ടിയ പട്ടം പോലെ റാസി ഗതി മാറി സൈടിലെയ്ക്ക് പോയി അവന്‍ പിന്നെ ഇടി കൂടാന്‍ വന്നില്ല കരഞ്ഞു വിളിച്ചു കൊണ്ട് നേരെ സ്റ്റാഫ്‌ റൂമിലേയ്ക്ക് ഒരു ഓട്ടമായിരുന്നു. നിസാമുധീന്റെ കൈകളില്‍ ചൂരല്‍ വീണിട്ടും വലിയ കുഴപ്പമൊന്നും അവന്‍റെ മുഖത്ത് കണ്ടില്ല.അന്ന് വൈകുന്നേരം മുതല്‍ക്കു നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയി.

അന്ന് മുതല്‍ക്കു ഞാന്‍ മൈലാന്ജി വെറുത്തു തുടങ്ങി, മൈലനാജിയെ പുച്ഛം, ഊഞ്ഞാല് പുച്ഛം, പുതിയ ലോകത്തിലേയ്ക്ക് നിസാമുദീനുമായി മതില് ചാടി കൊക്കോ മരത്തില്‍ കേറി കൊക്കോ പിച്ചി. വയലില്‍ പോയി പിള്ളേരുമായി കളി തുടങ്ങി, ഫ്യൂസ് ആയ ബള്‍ബിന്റെ മുകള്‍ ഭാഗത്ത് കൂടെ വെള്ളം കയറ്റി അതിനു മുന്നില്‍ ഫിലിം വെച്ച് അതിലേയ്ക്ക് കണ്ണാടിയില്‍ കൂടെ വെട്ടം അടിച്ചു പടം കണ്ടു. ഉജാലയുടെ കുപ്പിയാല്‍ ബോട്ട് ഉണ്ടാക്കിയതും, തെര്‍മോക്കൂളിന്‍റെ മുകളില്‍ മെഴുകു തിരി കത്തിച്ചു വെച്ച് വെള്ളത്തില്‍ ഒഴുക്കി വിട്ടതും.എല്ലാം നിസാമുദീന്‍ എന്‍റെ കൂട്ടുകാരന്‍ ആയതിനു ശേഷം കൈ വന്ന ഭാഗ്യമായിരുന്നു.

വീടുമാറലുകള്‍ പല സൌഹൃദങ്ങളും ഇല്ലാതാക്കും എന്ന് എനിക്കും ബോധ്യമായി. പുതിയ സ്കൂള്‍, പുതിയ കൂട്ടുകാര്‍. പക്ഷെ ആരും നിസാമുദ്ധീനെ പോലെ ആയിരുന്നില്ല. ജീവിതത്തില്‍ ഇന്ന് വരെ പിന്നീട് കൊക്കോ പഴം കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടില്ല. പിന്നീടു എന്നോ ഉമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു നിസാമുദ്ധീനെ എടുത്തു വളര്‍ത്തിയതാണ് എന്ന്. ഇനിയും എനിക്ക് കൊക്കോ പഴങ്ങള്‍ കഴിക്കാനും അവനെ കണ്ടു മുട്ടാനും കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
 
Wednesday, July 27, 2011

ചക്രം

നട്ടെല്ല് നിവര്‍ന്നപ്പോള്‍
കാശ്കൈ വന്നപ്പോള്‍
അച്ഛനെ വെറുമെല്ലുവില.
പ്രണയിനിക്ക് നേരെ
പല്ലിറുമ്മിയപ്പോളമ്മയെ
വെറും പുല്ലുവില.

ദീക്ഷ വളര്‍ന്നപ്പോള്‍
വെള്ളമടിച്ചപ്പോള്‍
ദൈവത്തിന് രണ്ട് ചീത്ത വിളി.
നട്ടെല്ല് തളര്‍ന്നപ്പോള്‍
കിടപ്പിലായപ്പോള്‍
ഓര്‍മയിലെന്നും അച്ഛനമ്മ.

ഒടുവില്‍,
മീശ നരച്ചപ്പോള്‍
ഓര്‍മ കുറഞ്ഞപ്പോള്‍
നാവിലായെന്നും ദൈവ വചനം... 
 
" എ" ഫോര്‍ ആന്‍റ് ... "ബി" ഫോര്‍ ബോള്‍.

കല പില ശബ്ദം കേട്ട് കൊണ്ട് തന്നെയാണ് ഇന്നും ഉറക്കം ഉണര്‍ന്നത്.
മൂരി നിവര്‍ത്തി അവന്‍ ഒന്ന് ഞെളിഞ്ഞിരുന്നു. സൂര്യന്‍റെ മഞ്ഞ വെളിച്ചം അവന്‍റെ കണ്ണുകള്‍ക്ക്‌ പുളി മാങ്ങ കടിച്ചതു പോലെയുള്ള ഒരു പുളിപ്പ് സമ്മാനിച്ചു. പുറത്തേയ്ക്ക് കണ്ണോടിച്ചപ്പോള്‍ കണ്ടത് കുറെപേര്‍ കൂടിനിന്ന്‌ സൊറ പറയുന്നു, മറ്റു ചിലര്‍ കൂട്ടം കൂടി ജോലിക്ക് പോകുന്നു.

വേലിക്കരുകിലെ മാവില്‍ നിന്നും വീഴുന്ന മാങ്ങകളില്‍ പിടിവലി കൂടുന്ന കുട്ടികളെ നോക്കി അവന്‍ ചിരിച്ചു. എന്തുകൊണ്ടാണ് കുട്ടികള്‍ ആരും പഠിക്കാന്‍ പോകുന്നില്ല എന്നുള്ളതായിരുന്നു അപ്പോഴത്തെ അവന്‍റെ ചിന്ത. വീട്ടുകാര്‍ക്ക് അതില്‍ മാത്രം ഒരു ശ്രധയുമില്ലാതതില്‍ അവനു നന്നേ വിഷമം തോന്നി.

കറുപ്പ് നിറമുള്ള ബാഗും അതില്‍ നിറയെ പലഹാരങ്ങളുമടങ്ങിയ ഒരു പെട്ടിയും, പുസ്തകങ്ങളും അവന്‍റെ സ്വപ്ങ്ങളായിരുന്നു. ഇടി മുഴക്കം പോലെ എവിടെ നിന്നോ അവന്‍ ഈണത്തില്‍ കേള്‍ക്കാറുണ്ട് " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍. ".

അപ്പോഴേയ്ക്കും മുതകത്ത് ആരോ തോണ്ടിയത് പോലെ തോന്നി .തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മ അടുത്ത് നില്‍ക്കുന്നു. ഒരു കവിള്‍ നിറയെ മധുരം നിറഞ്ഞ കഷായം കുടിപ്പിച്ചതിനു ശേഷം തലയില്‍ ഒന്ന് തടവിയിട്ട് അമ്മ നടന്നു പോയി . അമ്മയുടെ മുഖത്ത് എന്തോ ഒരു വിഷാദഭാവം.

മധുരമുള്ളത്കൊണ്ട് കഷായം കുടി അവനു സുഖമുള്ള ഒരു പരിപാടിയാണ്. മധുരമുള്ളത് എല്ലാം അവനു പ്രിയമാണ്. മധുരം കഴിക്കാന്‍ പറ്റാത്ത ജീവിതത്തെ കുറിച്ച് അവനു ചിന്തിക്കാനേ കഴിയില്ലായിരുന്നു. അച്ഛന്‍ വന്നു കൈക്ക് പിടിച്ചു എഴുന്നേല്‍പ്പിച്ചു, വേഗം വാ ഒരിടം വരെ പോകണം. ഈ രാവിലെ തന്നെ എങ്ങോട്ട് എന്ന് അച്ഛനോട് മുട്ടിയുരുമ്മിക്കൊണ്ട് ചോദിച്ചു.
അതൊക്കെ ഉണ്ട് ഒരു കോളുണ്ട്‌ .

അച്ഛന്റെ കണ്ണുകളില്‍ സന്തോഷം. കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍, അവര്‍ക്കിടയില്‍ കൂടി അച്ഛന്‍ അവനെയും കൊണ്ട് നടന്നു പലരും അച്ഛന് മുത്തം കൊടുക്കുന്നു, അവനെയും മുത്തുന്നുണ്ട് ഓരോരോ ജീവിത രീതികള്‍ അവന്‍ മനസ്സില്‍ മന്ദഹസിച്ചു അച്ഛനെ കൂടെ മുന്നോട്ടു നടന്നു.

അവസരം കിട്ടിയപ്പോള്‍ അവന്‍ അച്ഛനോട് ചോദിച്ചു. എന്താണ് ഞങ്ങളെ പഠിക്കാന്‍ വിടാത്തത്‌ ??
നിറഞ്ഞ ചിരിയോടെ അച്ഛന്‍ പറഞ്ഞു " ജീവിതം തന്നെയാണ് മകനേ ഏറ്റവും വലിയ പാഠശാല. നിന്‍റെ കണ്ണുകള്‍ തുറന്നു നീ കാണുക, അനുഭവങ്ങള്‍, വീഴ്ചകള്‍, നേട്ടങ്ങള്‍ എല്ലാം നീ ഓര്‍ത്തു വെയ്ക്കുക, ബുദ്ധിപരമായി ചിന്തിക്കുക എന്നാല്‍ നിന്‍റെ വിജയത്തിലേയ്ക്കുള്ള നിന്‍റെ വഴി വളര എളുപ്പമായിരിക്കും. പ്രത്യേകം ശ്രദ്ധിക്കുക നാം മറ്റുള്ളവരെ ഉപദ്രവിച്ചാല്‍ അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന സങ്കടത്തിന്‍റെ വില ഒരിക്കല്‍ നാം അനുഭവിച്ചേ തീരു.
അച്ഛന്റെ ഉപദേശങ്ങള്‍ അവന്‍ തല കുലുക്കി കേട്ടെങ്കിലും അവന്‍റെ മനസ്സില്‍ അപ്പോഴും " എ ഫോര്‍ ആന്‍റ് , ബി ഫോര്‍ ബോള്‍ " തന്നെ ആയിരുന്നു.

അച്ഛന്‍ പറഞ്ഞ വഴിയിലൂടെ കുറെ പേര്‍ പോയി തിരിച്ചു വന്നു. അവരുടെ കൈകളില്‍ മഴക്കാലത്തെയ്ക്കുള്ള ശേഖരങ്ങള്‍ ആയിരുന്നു. വിശാലമായ ആ മിനുസമുള്ള പ്രദേശത്ത് നിറയെ അവനു ഇഷ്ടമുള്ള മധുര പലഹാരം ആയിരുന്നു. പക്ഷെ അച്ഛന്‍ അവനെ തടഞ്ഞു. ഇന്ന് നിന്‍റെ പഠന ക്ലാസ് ആരംഭിക്കുന്നു . അവിടെ നില്‍ക്കുക എല്ലാം കണ്ടു പഠിക്കുക .അച്ഛന്റെ തീക്ഷ്ണമായ നോട്ടം ധിക്കരിക്കാന്‍ അവനാകുമായിരുന്നില്ല. അവന്‍ അവിടെ കറങ്ങിക്കറങ്ങി നിന്നു.

തലച്ചുമടായി കുറച്ചു പേര്‍ നീങ്ങുന്നു. അവരുടെ പാട്ട് കേള്‍ക്കാന്‍ നല്ല രസം. ഉന്തിയും തെളിയും മറിഞ്ഞു വീണും അവര്‍ മുന്നോട്ടു തന്നെ. അവന്‍ എല്ലാം കണ്ടു ദൂരെ മാറി നില്‍ക്കുകയായിരുന്നു.

പൊടുന്നനെ ഒരു ഭൂമി കുലുക്കം. അവന്‍ പേടിച്ചു വിറച്ചു. വളരെ വേഗത്തില്‍ ഒരു ഭീമാകാരന്‍ മല അവരുടെ കൂട്ടത്തിന്‍റെ മുകളിലേക്ക് ആഞ്ഞ് പതിച്ചു. അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു വാവിട്ടു കരഞ്ഞു അവന്‍റെ കണ്‍മുന്നില്‍ ഒരു കൂട്ടം ജീവനുകള്‍ ഇല്ലാതായിരിക്കുന്നു ." അച്ഛന്‍" അവന്‍ അലറിക്കരഞ്ഞു...

അവന്‍ കണ്ണുകള്‍ കഴിയുന്നത തുറന്നു മുകളിലേയ്ക്ക് നോക്കി . ഒരു മിന്നായം പോലെ അവന്‍ കണ്ടു , അപ്പോഴും അവന്‍റെ കണ്ണുകളെ അവനു വിശ്വസിക്കാനായില്ല. അവന്‍റെ കാതുകളെയും
" എ ഫോര്‍ ആന്‍റ് ബി ഫോര്‍ ബോള്‍ " എന്ന ശബ്ദം അവന്‍റെ കാതുകളില്‍ മുഴങ്ങി . അതെ ഇതാണ് അവന്‍റെ സ്വപ്നങ്ങളുടെ, അവന്‍ കേള്‍ക്കുന്ന അശരീരിയുടെ ഉറവിടം.

അവന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു , കാതുകള്‍ പൊത്തി കുനിഞ്ഞിരുന്നു.
" അമ്മേ ഇവിടെ മൊത്തം ഉറുമ്പ് " ഇടി മുഴങ്ങുന്ന ഉച്ചത്തില്‍ ആ സ്വരം അവന്‍റെ കാതുകളില്‍ വന്നു പതിച്ചു... ;)

തങ്ങളെ വീട്ടു വാതിക്കല്‍ കാത്തു നില്‍ക്കുന്ന അമ്മയുടെ മുഖമായിരുന്നു തളര്‍ന്നിരുന്ന അവന്‍റെ മനസ്സില്‍.
അപ്പോഴും കാതുകളില്‍ " എ ഫോര്‍ ആന്‍റ് ബി ഫോര്‍ ആപ്പിള്‍ " എന്ന് മുഴങ്ങുന്നുണ്ടായിരുന്നു പക്ഷെ അതിന്റെ സ്വരം വെറുപ്പിന്‍റെ, പകയുടെ, വിദ്വേഷത്തിന്‍റെതായിരുന്നു... :(
 
Saturday, July 9, 2011

കറുത്ത നിറമുള്ള ചന്ദ്രന്‍

ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന ആളെ കാണാന്‍ പോകുമ്പോള്‍ തന്നെ ഇങ്ങനെ വാരി വലിച്ചു കഴിക്കുന്നത് നല്ലതല്ല  എന്ന് മനസ്സില്‍ ഒരു ലജ്ജ തോന്നിയെങ്കിലും വിശപ്പിന്‍റെ  മുന്നില്‍ ആ ലജ്ജ തക്കാളി സോസ് പോലെ മാര്‍ദവമുള്ളതായി മാറി.

രാവിലെ ഒന്നും കഴിച്ചിട്ടില്ല . നാലന്ജ് മണിക്കൂര്‍ യാത്രയാണ് ഒരേ ഇരിപ്പ് ഇരിക്കണം. മുന്നില്‍ നീണ്ടു കിടക്കുന്ന കറുത്ത റോഡിനു ഇരു വശവും തിളയ്ക്കുന്ന മരുഭൂമിയാണ്.  മരുഭൂമി കീറിമുറിച്ചു പോകുന്ന പാതയില്‍ അടുത്തടുത്ത്  കടകളോ മറ്റോ കാണില്ല.  ഇടയ്ക്ക് എങ്ങാനും പെട്രോള്‍ പമ്പ് ഉണ്ടെങ്കില്‍ നല്ലത്. കടയില്‍ നിന്നും ഒന്ന് രണ്ടു കുപ്പി വെള്ളവും വാങ്ങി കയ്യിലിരുന്ന സാന്ഡ് വിച്ചില്‍ ഒരു വട്ടം കൂടെ ആഞ്ഞു കടിച്ചു.

നീലിമയുള്ള  ആകാശം, കത്തുന്ന സൂര്യന്‍, ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന വംശ നാശം സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന  ഇടിഞ്ഞു പൊളിഞ്ഞ  ചെറു വീടുകള്‍,  നിമിഷ നേരം കൊണ്ട് മിന്നി മറയുന്ന അങ്ങിങ്ങായില്‍ കാണുന്ന ഈന്തപ്പനകളും കുഞ്ഞു കുഞ്ഞു കുറ്റിച്ചെടികളും, നിര്‍ഭാഗ്യമെന്നു പറയട്ടെ ഇന്ന് വരെ ഞാന്‍ ഇവിടെയൊന്നും ഒരു കള്ളിമുള്‍ചെടിയും കണ്ടിട്ടില്ല. ചീറിപ്പായുന്ന കാറിന്‍റെ എ സിയിലെ തണുപ്പില്‍ ഇരുന്നു കൊണ്ട്  സൂര്യന്‍റെ  ഇക്കിളിപ്പെടുത്തുന്ന  ചൂട് കൊള്ളാന്‍ നല്ല സുഖം.

മദീനയിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ ചെന്ന് കയറിയപ്പോള്‍ സൌദിയെന്നു തോന്നിപ്പിക്കുന്ന പെണ്‍കോടി സൌമ്യമായി പെരുമാറിയപ്പോള്‍ തന്നെ മനസിലായി സൌദിയല്ല എന്ന്. രോഗിയുടെ പേര് പറഞ്ഞപ്പോള്‍ റൂം നമ്പരും വഴിയും പറഞ്ഞു തന്ന അവള്‍ക്ക് ഒരു ശുക്രനും പറഞ്ഞു നടന്നപ്പോള്‍ നാട്ടിലെ ആശുപത്രികളിലെ മനം മയക്കുന്ന ടെട്ടോളിന്റെ മണം മനസ്സില്‍ നഷ്ടബോധത്തിനു തിരികൊളുത്തി.

ആഞ്ജിയോഗ്രാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞെങ്കിലും ക്ഷീണിതനായി കിടക്കുന്ന സുഹൃത്തിന്‍റെ കണ്ണുകളില്‍ ആശ്വാസം പകര്‍ന്നു കൊണ്ട് ഞങ്ങളുടെ സാമീപ്യം അറിയിച്ചു. തൊട്ടടുത്ത  ബെഡ്ഡില്‍ കിടന്നു ടിവി കാണുന്ന മിസറിയും കൂട്ടുകാരനും ഉച്ചത്തില്‍ സംസാരിക്കുന്നതിന്നിടയില്‍ ഞങ്ങള്‍ക്ക് ഇരിക്കാനുള്ള കസേരകള്‍ അവര്‍ നീക്കിയിട്ട്  തന്നു.

ഫുട്ബോള്‍ കളി കണ്ടു രസിച്ചു ബെഡില്‍ കിടക്കുന്ന കിടന്നു സംസാരിക്കുന്ന അയാളുടെ കാലിലെ മുഴുവന്‍ വിരലുകളും ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ നഷ്ടമായിരിക്കുന്നതിന്‍റെ യാതൊരു വിധ നഷ്ടബോധവും അയാളില്‍ തെല്ലിട കാണാന്‍ കഴിഞ്ഞില്ല എന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തി. ദിവസവും വൈകുന്നേരം കൂട്ടുകാരരനുമായി അയാള്‍ ആശുപത്രി മുഴുവന്‍ കറങ്ങാന്‍ പോകാറുണ്ടത്രേ. വീല്‍ ചെയറില്‍ അയാളെ ഇരുത്തി അവിടെയല്ലാം കൊണ്ട് നടക്കുന്ന ആ താടിക്കാരന്‍ സുഹൃത്ത് അയാളുടെ ജീവിതത്തിലെ അമൂല്യമായ ഒരു സ്വത്താണ് എന്ന് ഒറ്റ നോട്ടത്തില്‍ മനസിലായി.

ഡോക്ടറെക്കണ്ട്  കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചറിഞ്ഞു വന്നപ്പോള്‍ സന്തോഷവാനായിരുന്ന സുഹൃത്തിന്‍റെ കലങ്ങിയ കണ്ണുകളാണ് കാണാന്‍ കഴിഞ്ഞത്. കണ്ണില്‍ നേരത്തെ ഉണ്ടായ ആ തിളക്കം പൂര്‍ണ്ണമായും മങ്ങിയിരിക്കുന്നു. വേദന അന്ധകാരമാണെങ്കില്‍ ഒരു കറുത്തവാവിനെ ആണ് ആ കണ്ണുകളില്‍ എനിക്ക് അപ്പോള്‍ കാണാന്‍ കഴിഞ്ഞത്. നെഞ്ജ് വേദന ഉള്ള ആളാണ്‌ അധികം വിഷമിക്കാന്‍ പാടുള്ളതല്ല. ഇത്ര ദിവസം ആയിട്ടും വീട്ടില്‍ ഭാര്യയോടോ വയ്യാതെ കിടക്കുന്ന ഉമ്മയോടെ അസുഖത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ല. ജിദ്ദയില്‍ ഉള്ള  ഒരു ബന്ധുക്കാരനോടും നാട്ടിലുള്ള  രണ്ടു ചേട്ടന്‍മാരോടുമാണ് മാത്രമാണ് കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്,

എന്തുപറ്റിയെന്ന ചോദ്യത്തിന് വിഷമം അടക്കിപ്പിടിച്ചു അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ തന്നെ കണ്ണില്‍ നിന്നും കറുത്ത നീരുറവ പൊട്ടി വീണിരുന്നു.

ഭാര്യവിളിച്ചിരുന്നു. അയല്‍പക്കത്തെ കുടുംബനാഥന് നെഞ്ച് വേദന.ആശുപത്രിയില്‍ അട്മിറ്റു ചെയ്തിരിക്കുകയാണ്. അവള്‍  ആശുപത്രിയില്‍ പോയിട്ട് വന്നിട്ട് വിളിച്ചതാണ്, അയാളുടെ മകള്‍ ആശുപത്രിയില്‍ അമ്മയുടെ കൂടെ ഇരിപ്പുണ്ടത്രെ വാടിത്തളര്‍ന്ന അവളെ കണ്ടപ്പോള്‍ അവള്‍ക്കു നല്ല സങ്കടം.അത് തീര്‍ക്കാന്‍ വേണ്ടി വിളിച്ചതാണ്.  
എനിയ്ക്ക് ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ച് വേദന വരുന്നെന്നും  ഗ്യാസിന്‍റെ പ്രശ്നം ആണ് അല്ലാതെ ഒരു കുഴപ്പവും ഇല്ലെന്നാണ് ഡോക്റ്റര്‍ പറഞ്ഞത് , പക്ഷേ  ഇന്ന് ആശുപത്രിയില്‍ പോയിട്ട് വന്നതിനു ശേഷം എന്തോ ഒരു പേടി പോലെ അത് കൊണ്ടാണ് നിങ്ങളെ വിളിച്ചു സംസാരിക്കണം എന്ന് തോന്നിയത്.

ഒരു കുഞ്ഞു തേങ്ങല്‍ പോലും പുറത്തു വരാതെ അദ്ദേഹം എല്ലാം കേട്ടിരുന്നു. കൂടെ നല്ല പേടിയും. ഹൃദയമിടിപ്പ്‌ കൂടിയോ എന്നൊരു സംശയവും. എല്ലാം ദൈവത്തിനു വിട്ടു കൊടുത്തു നല്ല പോലെ മനസ്സില്‍ പ്രാര്‍ഥിച്ചു അവര്‍ പറഞ്ഞത് മുഴവും മൂളിക്കേട്ടു. എന്തെക്കയോ പറഞ്ഞു സമാധാനപ്പെടുത്തി.

ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ എന്ത് പറയണം എന്നറിയാതെ ഞങ്ങള്‍ കുഴങ്ങി, പ്രാര്‍ഥനകള്‍ ഭലം ചെയ്യും എന്നല്ലാതെ വേറെ എന്ത് പറയാന്‍. മനസിലെ ആവലാതികള്‍ മാറ്റി വെച്ച് കഴിയുന്നത്ര ആ കലങ്ങിയ മനസിനെ സന്തോഷിപ്പിക്കാന്‍ ഞങ്ങള്‍ ഓരോ വിഷയങ്ങള്‍ സംസാരിച്ചു. നിങ്ങളെ എല്ലാവരെയും കണ്ടപ്പോള്‍ മനസിനു ഒരു പുതിയ ധൈര്യം കിട്ടിയെന്നും ഇപ്പോള്‍ കുഴ്പ്പമൊന്നുമില്ലെന്നും എപ്പോഴും സംസാരിക്കാന്‍ ഇഷ്ടപ്പെടുന്ന അയാള്‍ക്ക്‌ കൂടെ ഉള്ള മിസറികളോട്  സംസാരിക്കാന്‍ അവരുടെ ഭാഷ അറിയില്ല എന്ന സങ്കടമേ ഇപ്പോള്‍ ഉള്ളു എന്നും പറഞ്ഞു.

ശുദ്ധ ഹൃദയനായ ആ സുഹൃത്ത് ഇപ്പോള്‍ നാട്ടിലാണ്, സുഖമുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം, ദൈവം തമ്പുരാന്‍ കാത്തു രക്ഷിക്കട്ടെ.

നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാ?
(യാന്‍ബു  ഹോസ്പിറ്റലില്‍  നിന്നും മദീനയിലെയ്ക്കുള്ള യാത്രയില്‍ അദ്ദേഹം ഓക്സിജന്‍ മാസ്ക്ക് ഊരി മാറ്റി ആമ്പുലന്‍സിലെ  നഴ്സിനോട്  അദ്ദേഹം ചോദിച്ചത്, ഇപ്പോള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ് , നിങ്ങള്‍ മലയാളിയാണല്ലേ ? നാട്ടില്‍ എവിടെയാണ്?? !!! ) ... ;)

Monday, July 4, 2011

നൊമ്പരം...

മധുവിധു

പതനുരയുമാഴിതന്‍
ഇമകള്‍മൂടി ഞാന്‍
നിന്നധരത്തിന്‍ മധുരം
നുണഞ്ഞപ്പോള്‍...
നാണമാര്‍ന്ന തിരമാലകള്‍
നനഞ്ഞ മണ്ണിന്‍
നെഞ്ജിലെഴുതിയ വരികള്‍
തന്നിമകള്‍ മൂടി... ;)

Sunday, July 3, 2011

നഗ്ന പാദന്‍...

ഇതൊന്നും ആരും ചെയ്യാത്ത പണിയൊന്നും അല്ലല്ലോ നീയിതങ്ങോട്ടു പിടിയന്നേ എന്നിട്ട് ആ പപ്പേര്‍ ഒന്ന് വേഗം സാറിന്‍റെ മേശമെലെയ്ക്ക് കൊണ്ട് വെയ്ക്ക്.

പോക്കെറ്റില്‍ തിരുകി വെച്ച് കൊടുത്ത മുഷിഞ്ഞ നോട്ടില്‍ വിയര്‍പ്പു പറ്റിയിരിക്കുന്നത് മനസിലാക്കാതെ ആദ്യമായി കിട്ടുന്ന കൈക്കൂലി സന്തോഷത്തോടെ മൌനത്തോടെ തുറന്നു വെച്ച മനസുപോലെ തുറന്നിരുന്ന പോക്കറ്റിലേയ്ക്ക് അവന്‍ സ്വീകരിക്കുകയായിരുന്നു.

അകത്തെ മേശപ്പുറത്തിരിക്കുന്ന പേപ്പര്‍  നീക്കാന്‍ വേണ്ടി വരാന്തയിലെ തൂണിന്റെ മറവില്‍ ഒരു പപ്പേര്‍ നീക്കം നടന്നത് അവര്‍ രണ്ടു പെരുമല്ലാതെ വേറെ ആരും അറിഞ്ഞില്ല.

പാര്‍ട്ടി ശുപാര്‍ശ ഉണ്ടായിരുന്നത് കൊണ്ട് മാത്രം കിട്ടിയ ജോലിയാണ്,കിട്ടുന്നതില്‍ കുറച്ചൊക്കെ പാര്‍ട്ടി സംഭാവന ബക്കറ്റിലേയ്ക്കും പോകണം എന്ന് നേരത്തെ പരഞ്ഞുറപ്പിച്ചിരുന്നു, എന്തായാലും വേണ്ടില്ല ആദ്യമായി കിട്ടിയ കൈക്കൂലി പോക്കെറ്റില്‍ ഇരുന്നു വിങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ സന്തോഷം ഒരു ചെറു പുഞ്ചിരിയായി ചുണ്ടില്‍ പടര്‍ന്നപ്പോള്‍ പതുക്കെ കൈ കൊണ്ട് അവന്‍ അത്  തുടച്ചു മാറ്റി.

എല്ലാം നമുക്ക് ശരിയാക്കാം എന്ന് മാത്രം അയാളോട് പറഞ്ഞു...അവന്‍ അകത്തു പോയി ആ പേപ്പര്‍ എടുത്തു സാറിന്‍റെ മേശമേല്‍ കൊണ്ടു വെച്ചു.

ആദ്യ കൈക്കൂലി പോക്കറ്റില്‍ കേറിയ നേരം മുതല്‍ മനസ്സില്‍ എന്തോ ഒരു ഏനക്കേട് പോലെ...
പൈസ പോക്കറ്റില്‍ തിരുകി തിരിച്ചു പോകുമ്പോള്‍ അയാളുടെ തുരുമ്പിച്ച സൈക്കളിന്‍റെ പുറകിലിരിക്കുന്ന ചാക്ക് കെട്ടുകള്‍ അയാളുടെ ദാരിദ്ര്യം വിളിച്ചു പറഞ്ഞിരുന്നു ...
അതൊന്നും നോക്കിയാല്‍ നമ്മുടെ കാര്യം നടക്കില്ല അവന്‍ മനസാക്ഷിയെ ന്യായീകരിച്ചു.

ആദ്യ കൈക്കൂലിയില്‍ തന്നെ അവന്‍റെ ജീവിത ശൈലിയില്‍ വന്ന മാറ്റത്തില്‍ അവന്‍ സന്തോഷം കൊണ്ടു...തെറുപ്പു ബീഡിയില്‍ നിന്നും സിഗരറ്റിലേയ്ക്കുള്ള അവന്‍റെ മാറ്റം വളരെ വേഗമായിരുന്നു...ആസ്വദിച്ചു വലിച്ച പുകയിലെ വിയര്‍പ്പു ചുവ അവന്‍ അത്ര കാര്യമാക്കിയില്ല.

പഴയ ചെരുപ്പ് അവന്റെ കാലില്‍ കിടന്നു ടിക്ക് ടിക്ക് ശബ്ദമുണ്ടാക്കി... അതൊന്നു മാറണം..
തേഞ്ഞു തേഞ്ഞു ബ്ലെയ്ട് പരുവമായിരിക്കുന്നു....തൊട്ടടുത്ത കടയില്‍ കയറി പുത്തന്‍ ചെരുപ്പുമായി തിരിച്ചിറങ്ങിയപ്പോള്‍ നാണക്കേട്‌ കൊണ്ടവന്‍ പഴയ ചെരുപ്പ് അപ്പുറത്തെ അടഞ്ഞു കിടക്കുന്ന തട്ടുകടയുടെ മുകളിലൂടെ ആ ചവറുകൂനയിലേയ്ക്ക് വലിച്ചെറിഞ്ഞു.

കാലുകളിലെ പതുപതുപ്പ് അവന്‍ ആസ്വദിച്ചു...കാലുകളിലൂടെ ആ സുഖം ഇരച്ചു കയറി  മനസ്സില്‍ കുളിര്‍മ നല്‍കി.

മുന്നിലൂടെ പോയ ലോറിക്കാരന്‍ കുറച്ചകലെ വണ്ടി നിര്‍ത്തി ഹോണ്‍ അടിച്ചപ്പോഴാണ് മനസിലായത് തന്‍റെ വീടിന്റെ അടുത്തുള്ള ഗോപിയാണെന്ന് ...
ജോലി കിട്ടിയപ്പോള്‍ അവനെ ശ്രദ്ധിക്കാനും ആളുകള്‍ ഉണ്ടായി എന്നോര്‍ത്ത് അവന്‍ സന്തോഷത്തോടെ ഓടി ലോറിക്കരികില്‍ വന്നു...
ഓടുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ അവന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നിട്ടും കുറച്ചു വെള്ളം അവന്‍റെ ചെരുപ്പില്‍ ആയി ...ചാറ്റ മഴയുള്ള സമയമായതിനാല്‍ റോഡിനു കുളിച്ചു നില്‍ക്കുന്ന ആനയെ പോലെ നല്ല കറുപ്പ് നിറം.

നീ വീട്ടിലെയ്ക്കല്ലേ ?? കേറിക്കോ ഗോപിയേട്ടന്‍   വണ്ടി ഒന്ന് മൂപ്പിച്ചു പതുക്കെ മുന്നോട്ടെടുത്തു...
അതെയെന്നു പറഞ്ഞു വേഗം കമ്പിയില്‍ പിടിച്ചു തൂങ്ങി ലോറിയിലെയ്ക്കു കയറാന്‍ കാലു പൊക്കി വെച്ചതും പുത്തന്‍ ചെരുപ്പ് തെന്നി കാല്‍ മുട്ട്  എവിടെയോ ഇടിച്ചു ഒരു നിലവിളിയോടെ അവന്‍ താഴേയ്ക്ക് വീണു...
അതിനകം തന്നെ ഗോപിയേട്ടന്‍ വണ്ടി  മുന്നോട്ടെടുത്തിരുന്നു ...നീങ്ങിവരുന്ന ലോറിയുടെ ടയറുകള്‍ അവന്‍റെ കണ്ണില്‍ ഇരുട്ട്ട് പടര്‍ത്തി.

പുറകു വശത്ത് മുഷിഞ്ഞ ചാക്കുകെട്ടുമായി പോകുന്ന സൈക്കളിന്റെ ടയറുകള്‍ അവന്‍റെ മനസ്സില്‍ തെളിഞ്ഞു വന്നു... ആരോ തെള്ളി മാറ്റിയത് പോലെ അവന്‍ റോഡിന്‍റെ സൈടിലേയ്ക്ക്  ഉരുണ്ടു നീങ്ങി ....കാലില്‍ നിന്നും പുത്തന്‍ ചേരുന്നു മാറി കിടക്കുന്നു...പോക്കെറ്റില്‍ കിടന്ന ബാക്കി പൈസ വീണ്ടും നെഞ്ചത്ത് കുത്തുന്നത് പോലെ തോന്നി.... ഗോപിയേട്ടന്‍ വന്നു പിടിച്ചെഴുന്നെല്‍പ്പിച്ചു വണ്ടിയില്‍ കേറ്റിയിരുത്തി കുടിക്കാന്‍ വെള്ളം കൊടുത്തപ്പോള്‍ അവന്‍റെ കാലുകളില്‍ ചെരുപ്പ് ഉണ്ടായിരുന്നില്ല...

ബീഡിപ്പുക ഊതി വിട്ടു  കഷണ്ടിത്തല തടവി ആ വയസന്‍  കഥ പറയുമ്പോള്‍ ഞാന്‍ ആ പാദങ്ങളിലെയ്ക്കു നോക്കി ...  ചെരുപ്പിടാതെ നടന്നിട്ടും അവ വൃത്തിയുള്ളതായിരുന്നു ..... ;)

Sunday, April 10, 2011

ഈയാം പാറ്റകള്‍ ...

മാറാല പിടിച്ചു മുകള്‍ഭാഗത്ത്‌ ചെറിയ കറുപ്പ് പടര്‍ന്നു തുടങ്ങിയ  ബള്‍ബിന്‍  ചില്ലുകള്‍ കുത്തിപ്പൊളിച്ചു കൊണ്ടു വരുന്ന  അരണ്ട പ്രകാശം അവിടെങ്ങും ഒരു മങ്ങിയ മഞ്ഞ വെളിച്ചം പരത്തി ...

ടെറ്റോളിന്റെയും, പിന്നെ പണ്ട് പനി വരുമ്പോള്‍ കുടിക്കേണ്ടി വരുന്ന കൈപ്പുള്ള ചുവന്ന മരുന്നിന്‍റെയും മണം മൂക്കിലേയ്ക്ക് അടിച്ചു കയറിയപ്പോള്‍ ഞാനും ഒരു രോഗിയായി മാറിയത് പോലെ തോന്നി ...
ചാരി ഇരിക്കുമ്പോള്‍ മുതുകു വേദനിക്കുന്ന തടി കൊണ്ട് നിര്‍മിച്ച  പഴയ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒതുക്കി വെച്ച നൊമ്പരങ്ങളുടെ ഭാണ്ടക്കെട്ടിന്റെ ചരട് അഴിഞ്ഞു വീഴുകയായിരുന്നു...

ഓരോ തവണ കഴിയുമ്പോഴും കൊഴിഞ്ഞു പോകുന്ന മുടിയിഴകള്‍കൊപ്പം അവന്‍റെ ഉന്മേഷവും കുറഞ്ഞു വരുന്നത് വ്യക്തമാകുന്നുണ്ട്, എങ്കിലും അവനോടു പറയും എല്ലാം വേഗം ഭേദമാകും എന്നിട്ട് വേണം നമുക്ക് ടൂര്‍ പോകാന്‍, സൈക്കിള്‍ വാങ്ങിക്കാന്‍ എന്നൊക്കെ, അപ്പോഴേയ്ക്കും എന്‍റെ കൈ അവന്‍റെ തലയില്‍ പതുക്കെ തലോടുന്നുണ്ടാവും.

അച്ഛന്റെ കൈകളെന്റെ നെറുകയില്‍ തഴുകുമ്പോളെന്റെ കണ്ണുകള്‍ താനേ അടഞ്ഞു പോകാറുള്ളത് ഓര്‍ത്തു, വടി കൊണ്ട് തല്ലില്ലെങ്കിലും കണ്ണുരുട്ടിക്കാണിച്ചു  ഒന്ന് വഴക്ക് പറഞ്ഞാല്‍ സഹിക്കാവുന്നതിലും അപ്പുറമായിരിക്കും വിഷമം....
എന്നാല്‍ ഞൊടിയിട കൊണ്ടത്  ആ വിഷമം തൂത്തുമാറ്റാന്‍ കെല്‍പ്പുള്ളതായിരുന്നു  അച്ഛന്റെ ആ ചൂടു തലോടല്‍,അതിന്‍റെ വിലയറിയാവുന്നത്  കൊണ്ട് തന്നെ അവന് ആ തലോടല്‍  ഞാന്‍ ഇട തടവില്ലാതെ നല്‍കി പോന്നു...

അഞ്ചു വര്‍ഷം കാത്തിരുന്നു കിട്ടിയ മകന്‍....തന്നതും ദൈവം വിളിക്കുന്നതും ദൈവം ...
കൈത്തണ്ടയില്‍ വന്നു വീണത്‌ എന്താണെന്നു നോക്കിയപ്പോഴാണ് കണ്ടത്‌... ഒരു കുഞ്ഞ് ഈയാംപാറ്റ...
ദൈവം കനിഞ്ഞു നല്‍കിയ ജീവിതം എന്തിനോ വേണ്ടി ആത്മഹുതി ചെയ്തു തീര്‍ക്കുന്ന ഈയാം പാറ്റകള്‍ ‍...അതും ദൈവ നിശ്ചയം...

മറ്റൊരു ഈയാം പാറ്റയെ പോല്‍ നഴ്സിന്‍റെ  കൈ പിടിച്ചു മന്ദം മന്ദം നടന്നു വന്ന അവനെ കണ്ടപ്പോള്‍ കരയാതിരിക്കാന്‍ നന്നേ പാട് പെടേണ്ടി വന്നു...
കൈ തണ്ടയില്‍ നിന്നും പതുക്കെ  ഈയാം പാറ്റയെ തട്ടിക്കളഞ്ഞു ...അവനെ എടുത്തു മടിയിലിരുത്തി തലയില്‍ തടവി ഒരു മുത്തം കൊടുത്തപ്പോഴെയ്ക്കും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു ...

അപ്പോഴും കുറെയേറെ ഈയാം പാറ്റകള്‍ ആ മഞ്ഞ ബള്‍ബില്‍ തല തല്ലിക്കൊണ്ടിരിക്കുന്നു...
ദൈവത്തിന്റെ വിളി ആ മഞ്ഞ ബള്‍ബിലൂടെ  ഈയാംപാറ്റകളുടെ കുഞ്ഞു കാതുകളില്‍ തുളച്ചു കയറുന്നുണ്ടാവണം
എല്ലാം ദൈവ നിശ്ചയം....  :((

Wednesday, March 23, 2011

മഴത്തുള്ളികള്‍ ...

നേരമേറെയായിട്ടും ഉറക്കമെന്ന അനുഗ്രഹം എന്നെ തേടിയെത്തിയില്ല , എന്തിനു ഒന്നു അടുത്ത് കൂടെ പോലും പോകുന്നില്ല… സത്യത്തില്‍‍ ഇന്നെനിക്കു ഉറങ്ങാന്‍ ഒട്ടും താല്പര്യമില്ല...ഞാന്‍ ഉറക്കത്തെ ചെറുതായൊന്നു വിരട്ടി നിര്‍ത്തിയിരിക്കുന്നു എന്ന് വേണമെങ്കില്‍ ‍ പറയാം...
എങ്ങനെ ഉറങ്ങും നിങ്ങളാണെങ്കില്‍ ഉറങ്ങുമോ ?
ഇല്ല…ഉറങ്ങില്ല ...എനിക്കറിയാം….
ഏതു കാമുകനാണ്, ഏതു കാമുകിക്കാണ് ഉറങ്ങാന്‍ കഴിയുക, അതും നാളെ കാണണം, നേരത്തെ വരണം, എനിക്കൊരു കാര്യം പറയാനുണ്ട് എന്ന് കൂടെ പറഞ്ഞ സ്ഥിതിക്ക് ...

ഒരു പൂവന്‍ കോഴിയെ കിട്ടിയിരുന്നെങ്കില്‍ കഴുത്തിന്‌ കുത്തിപ്പിടിച്ചു കൂവിച്ചു നേരം വെളുത്തെന്നു സൂര്യനെ പറഞ്ഞു പറ്റിക്കാമായിരുന്നു, ടൈം പീസെടുത്ത്‌ മുകളിലോട്ടും താഴോട്ടും കുലുക്കി നോക്കി ...ഒന്നും സംഭവിച്ചില്ല വലിയ സൂചിയ്ക്കും ചെറിയ സൂചിയ്ക്കും ഒരു കുലുക്കവുമില്ല ...ടിക്ക്.. ടിക്ക് ശബ്ദം കേള്‍പ്പിച്ചു കൊണ്ട് സെക്കന്റു ‌സൂചി ചലിച്ചു കൊണ്ടേയിരിക്കുന്നു.... പോരാത്തതിന് നല്ല മഴയും...

മഴ...അതെന്നും മനുഷ്യനും ഭൂമിക്കും അനുഗ്രഹമാണ്.. വരണ്ട ഹൃദയങ്ങള്‍ക്കും ഭൂമിയ്ക്കും അത് കുളിര്‍മയേകും... ഇന്ന് അവളും എന്റെയുള്ളില്‍‍ ഒരു മഴ പെയ്യിച്ചിരിക്കുന്നു സ്നേഹത്തിന്റെ കുളിര്‍മയുള്ള നൈര്‍മല്യമുള്ള മഴ ....മനസിനു എന്ത് സുഖം...മഴ നഞ്ഞ പോലെ തന്നെ ... "സ്നേഹത്തിനു മഴ നനഞ്ഞ പ്രതീതി നല്‍കാന്‍ കഴിയുമെന്ന് ഇന്നാണ് എനിക്ക് ബോധ്യമായത്" ...

മഴയ്ക്ക്‌ മുന്‍പേ ആ റോസാ പൂവ് പിച്ചി വെച്ചത് കാര്യമായി ... അതെടുത്തു ഒന്ന് കൂടെ ഭംഗി നോക്കി അത് പോലെ തന്നെ തിരികെ വച്ചു.. നാളെ ഏതു ഡ്രസ്സ്‌ ഇടണം? മൊത്തത്തില്‍‍ ഒരു കണ്‍ഫ്യൂഷന്‍‍....

അനിയത്തി ചോതിച്ച പത്തു രൂപ കൊടുത്താലും കുഴപ്പമില്ലായിരുന്നു ആ ചുവന്ന ഷര്ട്ടങ്ങ്‌ കഴുകിച്ചാല്‍ മതിയായിരുന്നു …അനിയത്തി ഉണ്ടായിട്ടെന്തുകാര്യം ഷര്‍ട്ട്‌ അലക്കണമെങ്കില്‍‍ അവള്‍ക്കും കൊടുക്കണം പത്തിന്‍റെ ഒരു നോട്ടു... കുറച്ചു നാള് കൂടി കഴിയുമ്പോള്‍‍ എനിക്ക് "ഫ്രീ" ആയിട്ടു അലക്കിത്തരാന്‍ ആളു വരുമെടീ കൊരങ്ങീയെന്നു മനസിലോര്‍ത്ത് ചിരിച്ചു....

കൊച്ചുവെളുപ്പാന്‍ കാലത്ത് തുടങ്ങിയ കുളിയാണ്...എല്ലാവര്‍ക്കും അതിശയം ഇവനിതെന്തു പറ്റി? അതും ഇത്ര രാവിലെ...

മൂളിപ്പാട്ടൊക്കെ പാടി ഉള്ളതില്‍‍ നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ടു മുടിയൊക്കെ ചീകി... സ്പ്രേയും പൂശി , ബുക്കും വാരി പോക്കറ്റില്‍ തിരുകി ( ഇനി വായിനോട്ടമോക്കെ അവസാനിപ്പിച്ച്‌ നേരെ ചൊവ്വേ ക്ലാസ്സിലല്‍ ചെല്ലണം അല്ലെങ്കില്‍ അവളെന്തു വിചാരിക്കും … അത്തരം ഒരു നല്ല ചിന്ത മനസിലേയ്ക്ക് കയറി വന്നു... ) ഭക്ഷണം പോലും കഴിക്കാതെ , സമയം കളയാതെ വീട്ടില്‍‍ നിന്നുമിറങ്ങി നടന്നു...

തലേന്ന് രാത്രിയില്‍ അനിയത്തി പൊന്നു പോലെ പരിപാലിച്ചു പോന്ന തോട്ടത്തില്‍‍ നിന്നും മോഷ്ട്ടിച്ച ചുവന്ന റോസാ പൂവ് ഭദ്രമായി ഷര്‍ട്ടിന്റെ പോക്കറ്റില്‍‍ കേറ്റി.

സാധാരണ ബസ്സുകള്‍ വരി വരിയായി വരാറുണ്ടെങ്കിലും ഇന്ന് ഒരെണ്ണവും കാണുന്നില്ല ..പണ്ടാരം ഇനി നടന്നു പോയാലോ എന്ന് പോലും ചിന്തിച്ചു...
എത്രയും വേഗം അവിടെ എത്തിയാല്‍‍ മതിയായിരുന്നു.... മനസു മുഴുവന്‍ അവളായിരുന്നു, അവള്‍ പെയ്യിച്ച മഴയും മനസിലേറ്റി ബസ്സും കാത്തു നിന്നു…ബസ്സില്‍ കയറിയപ്പോഴും പിഞ്ചു കുഞ്ഞിനെ സൂക്ഷിക്കുന്ന പോലെ പോക്കെറ്റില്‍‍ കൈ കൊണ്ട് ഒരു വലയം തീര്‍ത്തിരുന്നു..... ആരുടെയെങ്കിലും ദേഹത്ത് ഒന്ന് മുട്ടിയാല്‍...തീര്‍ന്നു...പൂവ് ചപ്ലാച്ചി ആയി പോവും...

നേരം കുറെയായി അവള്‍ക്കുള്ള കാത്തു നില്‍പ്പ് തുടങ്ങിയിട്ട്....

രണ്ടു മഴതുള്ളികള്‍ കവിളത്ത് വീണു കിന്നാരം പറഞ്ഞു... ആഹാ ഇന്നും മഴ പെയ്യാനുള്ള പുറപ്പാടാണോ?
മഴയേ നീ ചതിക്കല്ലേ…. കയ്യില്‍ കുടയില്ല, മഴ പെയ്താല്‍ ചിലപ്പോളവള്‍ വരാതെയുമിരിക്കാം ... അവള്‍ തന്ന മഴ നെഞ്ജിലുണ്ട്‌ അത് കൊളമാക്കല്ലേ മുകളിലോട്ടു നോക്കി പറഞ്ഞു ...ഇനി വേറെ ഒരു മഴയുടെയും ആവശ്യമില്ല...
പിടിച്ചു കെട്ടിയ പോലെ മഴത്തുള്ളികള്‍‍ നിന്നു....മനസ്സില്‍‍ അപ്പോഴും അവള്‍ പെയ്യുന്നുണ്ടായിരുന്നു ..പൂവ് വാടിയോ? പോക്കെറ്റില്‍‍ തപ്പി നോക്കി ..ഇല്ല.... നല്ല മണം...

തൊലഞ്ഞു...എല്ലാം പോയി ...ആരും കാണാതെ ഇവിടെ വരെ വന്ന പാട് എനിക്കും ദൈവത്തിനും മാത്രമറിയാം അപ്പോഴാണ്‌ ദാണ്ടേ തിരക്കി പിടിച്ചു ഒരുത്തന്‍റെ വരവ് ‍....ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോകുന്നില്ല അവന്‍ അവന്‍റെ വഴിക്ക് പോകട്ട്....

അളിയാ നീ ഇങ്ങു വന്നേ ഒരു കാര്യം പറയാനുണ്ട്...
എന്നതാടാ നീ കാര്യം പറ.....ഞാന്‍ പിന്നെ അങ്ങോട്ട്‌ വരാടാ..നീ ഇപ്പൊ പൊയ്ക്കോ...
അതല്ല ടാ..നീ വാ..നമുക്കൊരിടം വരെ പോകണം....
ഇപ്പൊ പറ്റില്ല...നീ ചെല്ല് ഞാന്‍ വന്നേയ്ക്കാം...
അതല്ല ടാ നീ വാ ...എല്ലാവരും പോകുന്നുണ്ട്...
എന്താ കാര്യം ? എവിടെ പോകാനാ...നീ ചെല്ല് ഒരു പതിനഞ്ചു മിനിട്ട് കൂടെ കഴിഞ്ഞു ഞാന്‍ വന്നേയ്ക്കാം...
ഉം .. ശരി...അവന്‍ നടന്നകലുമ്പോഴും ഇടയ്ക്കിടയ്ക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു...

ഇത് വരെ അവള് വന്നില്ലല്ലോ , എന്ത് പറ്റി ...എന്നെ പറ്റിച്ചോ ? ദൈവമേ ഇന്ന് ഏപ്രില്‍ ഫസ്റ്റ് എങ്ങാനും ആണോ ? അല്ലേലും ഈ പെണ്‍പിള്ളേരൊക്കെ ഇങ്ങനാ...പറഞ്ഞു പറ്റിക്കാന്‍ ബഹു മിടുക്കികളാ...മണ്ടന്മാരായ നമ്മള്‍ പൂവും കൊണ്ട് ഇങ്ങനെ വന്നു നില്‍ക്കുകയും ചെയ്യും.....

ഞാനല്ലല്ലോ അവളല്ലേ തുടങ്ങിയത്..... വഴിയെ എത്രയോ പിള്ളേര് പോകുന്നു എന്തിനാ എന്നെ തിരഞ്ഞു നോക്കുന്നത്..എന്തിനാ എന്നെ നോക്കി കൊഞ്ഞണം കുത്തുന്നത് ..അവിടത്തന്നെ നിന്നു കുറെ നേരം കൂടി....മനസിലെ മഴ പെയ്തോഴിഞ്ഞോ എന്നൊരു തോന്നല്‍‍...മാനത്തു കാര്‍മേഘങ്ങള്‍ ‍ ഇരുണ്ടു കൂടുന്നു അടുത്ത മഴയ്ക്കായി....
വരി വരിയായി എല്ലാവരും നടക്കുന്നുണ്ട്...ഞാനും വരിയുടെ ഇടയില്‍ കേറി നടന്നു .എന്നതാ അളിയാ കാര്യം...എങ്ങോട്ട് പോകുന്നു ?ഒരു മരണം....

റോഡിന്‍റെ സൈഡില്‍ കൂടെ ഇടവഴി വളഞ്ഞു നേരെ നടന്നു...അവളുടെ വീടിന്‍റെ അടുത്ത് കൂടെയാണല്ലോ പോകുന്നത്.... ഒന്ന് നോക്കിയേക്കാം പറ്റിയാല്‍ ഒന്ന് കണ്ണുരുട്ടുകയും ചെയ്യാം എന്നെ പറഞ്ഞു പറ്റിച്ചതിനു നിനക്ക് പണി തരുന്നുണ്ട് മോളെ എന്നൊരു മുന്നറിയിപ്പും കൊടുക്കണം...മനസിലെ മഴത്തുള്ളികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു....

അടുത്ത വളവു വളഞ്ഞു കയറിയത് നേരെ അവളുടെ വീടിന്‍റെ ഗേറ്റിന്റെ അകത്തേയ്ക്ക് തന്നെ ആയിരുന്നു....
വിറയ്ക്കുന്ന കാലുകളോടെ അങ്ങോട്ട്‌ കയറുമ്പോഴും പൂവ് പോക്കെറ്റില്‍‍ ഭദ്രമായിരുന്നൂ...
പുറത്തു മഴ വല്ലാതെ തകര്‍ത്തു പെയ്യാന്‍ തുടങ്ങിയിരിക്കുന്നു... ആരോടോ വാശി തീര്‍ക്കുന്ന പോലെ

വലിച്ചു കെട്ടിയ ടാര്‍പ്പയ്ക്കടിയിലെ നീല കസേരയില്‍‍ മിഴിനീരിറ്റിച്ചിരിക്കുമ്പോഴും എന്‍റെയുള്ളില്‍ "പെരുമഴ" പെയ്യുക തന്നെയായിരുന്നു.. :(